അഗര്‍ത്തല: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായി നടക്കുന്ന വ്യാപക ആക്രമണങ്ങളില്‍ ഇന്ത്യയിലും പ്രതിഷേധം അലയടിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശി പൗരന്മാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യമോ ഭക്ഷണമോ നല്‍കില്ലെന്ന് വ്യക്തമാക്കി ത്രിപുര രംഗത്ത്. ഡിസംബര്‍ 2 മുതല്‍ ബംഗ്ലാദേശി പൗരന്മാര്‍ക്ക് സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഓള്‍ ത്രിപുര ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്‍ തിങ്കളാഴ്ച വ്യക്തമാക്കി.
ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെയും ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെയും അഗര്‍ത്തലയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
ബംഗ്ലാദേശ് പൗരന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ പോസ്റ്ററുകള്‍ അവരുടെ ഫ്രണ്ട് ഡെസ്‌കുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വര്‍ധിപ്പിച്ച സുരക്ഷാ പരിശോധനകള്‍ക്കും അസോസിയേഷന്‍ ഊന്നല്‍ നല്‍കി. ബംഗ്ലാദേശ് പൗരന്മാര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കാനുള്ള തീരുമാനത്തില്‍ ഹോട്ടലുടമകള്‍ ഒറ്റക്കെട്ടാണെന്നും ഇത് ഉടന്‍ നടപ്പാക്കുമെന്നും ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ സെക്രട്ടറി ഭാസ്‌കര്‍ ചക്രവര്‍ത്തി പറഞ്ഞു.