ഡെമോക്രാറ്റുകൾക്കിടയിൽ ഭിന്നത രൂക്ഷം; ബൈഡൻ പിന്മാറണമെന്ന് ഒരുവിഭാഗം, തുടരട്ടെ എന്ന് മറുപക്ഷം

വാഷിംഗ്ടൺ: ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിന്റേ പേരിൽ ഡെമോക്രാറ്റുകൾക്കിടയിലെ ഭിന്നത രൂക്ഷം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറിനിൽക്കാൻ നിരവധി മുൻനിര ഡെമോക്രാറ്റുകൾ പ്രസിഡൻ്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഈ ആഴ്‌ച അംഗങ്ങൾ വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിന് അഭിപ്രായങ്ങൾ അറിയാൻ ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് ഞായറാഴ്ച സംഘടിപ്പിച്ച നേതൃത്വ യോഗത്തിലാണ് അംഗങ്ങൾ തങ്ങളുടെ വികാരങ്ങൾ വെളിപ്പെടുത്തിയത്. ആദ്യഘട്ട സംവാദത്തിലുൾപ്പെടെ ട്രംപിന് മേൽക്കൈ നേടാനായതും വിമർശനത്തിന് കാരണമായി.

ബൈഡന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കുമെന്നും, ഭൂരിപക്ഷം നേടാൻ പാർട്ടിക്ക് സാധിക്കുമോ എന്നുമുള്ള ആശങ്ക യോഗത്തിൽ ഉയർന്നു. അതേസമയം ബൈഡൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് ജെഫ്രീസ് വെളിപ്പെടുത്തിയില്ല.

ബൈഡനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങൾ രംഗത്തെത്തി. മാർക്ക് ടകാനോ, ആദം സ്മിത്ത്, ജിം ഹിംസ്, ജോ മോറെല്ലെ, ജെറി നാഡ്ലർ, സൂസൻ വൈൽഡ് തുടങ്ങിയ അംഗങ്ങൾ ബൈഡനെ എതിർത്തും, മാക്‌സിൻ വാട്ടേഴ്‌സ്, ബോബി സ്‌കോട്ട് തുടങ്ങിയ പ്രതിനിധികൾ ബൈഡനെ അനുകൂലിച്ചും രംഗത്തെത്തി. ബൈഡൻ പാർട്ടി നോമിനിയായി തുടരുന്നത് ഭൂരിപക്ഷം നേടാനുള്ള അവസരം നഷ്ടമാക്കുമെന്നാണ് എതിർക്കുന്നവരുടെ വാദം. ബൈഡന് പകരം കമലാ ഹാരിസിനെ സ്ഥാനത്തേക്ക് പിന്തുണയ്‌ക്കണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു.

പൊതുസേവനത്തിൽ ബൈഡന്റെ പ്രവർത്തനങ്ങളോട് ബഹുമാനമുണ്ടെങ്കിലും മുന്നോട്ടേക്കുള്ള യാത്രയിൽ ഇത് എത്രത്തോളം സഹായകരമാകുമെന്ന ആശങ്കയാണ് ഡെമോക്രാറ്റുകൾക്കിടയിൽ പ്രധാനമായും ഉയർന്നത്. അടുത്തിടെ നടത്തിയ സംവാദങ്ങളിലെ പരാമർശങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടെന്നാണ് ബൈഡന്റെ വാദം.

More Stories from this section

family-dental
witywide