മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പാചകക്കാരി ശാന്തയും ബന്ധു പ്രകാശനുമാണ് കുറ്റം സമ്മതിച്ചത്. നാലുവര്‍ഷത്തിനിടെയാണ് പ്രതികള്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവന്‍ സ്വര്‍ണം മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയെന്ന് നടക്കാവ് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം പ്രതികൾ കോഴിക്കോട് നഗരത്തിലെ മൂന്ന് ജ്വല്ലറികളിലായാണ് വിൽപ്പന നടത്തിയത്. ഞായറാഴ്ച ആയതിനാല്‍ തൊണ്ടിമുതല്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് എം ടിയുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വർണം മോഷണം പോയത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ ‘സിത്താര’ വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണുണ്ടായിരുന്നത്.