ഹൂസ്റ്റണെ നടുക്കിയ തീപിടിത്തം മനപൂർവ്വം സൃഷ്ടിച്ചത്, അഗ്നിശമന സേനാംഗത്തിന്‍റെ മരണത്തിൽ യുവതി അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ നഗരത്തെ നടുക്കിയ തീപിടിത്തത്തിൽ മാർസെലോ ഗാർഷ്യ എന്ന അഗ്നിശമന സേനാംഗത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ യുവതി അറസ്റ്റിൽ. യെസെനിയ മെൻഡസിനെ (38) എന്ന യുവതിയെയാണ് ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൂസ്റ്റണിലെ തീപിടിത്തം യെസെനിയ മെൻഡസിസ് മനപൂർവ്വം സൃഷ്ടിച്ചതാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

തീപിടിത്തമുണ്ടായ സമയത്ത് യുവതി കെട്ടിടത്തിൽ നിന്ന് പുറത്തുപോയതായി പൊലീസ് ആദ്യം കണ്ടെത്തിയിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ഇവർ മനപൂർവ്വം തീപിടിത്തമുണ്ടാക്കിയതാണെന്ന് തെളിഞ്ഞത്. മെൻഡസിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ട്. ലൈറ്ററും മറ്റ് തീ പിടിക്കുന്ന വസ്തുക്കളും ഉപയോഗിച്ചാണ് തീയിട്ടതെന്നാണ് പൊലീസിന്‍റെ സംശയം. എന്നാൽ ഇത്തരത്തിൽ തീയിടാൻ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.