ഹൂത്തി മിസൈല്‍ ആക്രമണം : ചരക്ക് കപ്പലിലെ നാവികന് ഗുരുതരമായി പരിക്കേറ്റെന്ന് യു.എസ് സൈന്യം

ന്യൂഡല്‍ഹി: യെമനിലെ ഹൂതി വിമതര്‍ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകള്‍ വ്യാഴാഴ്ച ഏദന്‍ ഉള്‍ക്കടലില്‍ ഒരു ചരക്കു കപ്പലില്‍ പതിച്ച് അപകടം. കപ്പലിലെ നാവികന് ഗുരുതരമായി പരിക്കേറ്റതായി സഹായത്തിനെത്തിയ യുഎസ് സൈന്യം അറിയിച്ചു. നാവികനെ വ്യോമമാര്‍ഗം അടുത്തുള്ള ഒരു പാര്‍ട്ണര്‍ ഫോഴ്സ് കപ്പലിലേക്ക് മാറ്റിയതായി സെന്റ്കോം പറഞ്ഞു.

ഉക്രേനിയന്‍ ഉടമസ്ഥതയിലുള്ള കപ്പലിലാണ് മിസൈല്‍ പതിച്ചത്. M/V വെര്‍ബെന എന്ന കപ്പലില്‍ കേടുപാടുകളും തീ പിടുത്തവും ഉണ്ടായതായും സൈന്യം വ്യക്തമാക്കി. ജീവനക്കാര്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെര്‍ബെന ഉള്‍പ്പെടെ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികള്‍ വ്യാഴാഴ്ച പറഞ്ഞു, ”ഗാസ മുനമ്പില്‍ നമ്മുടെ ജനങ്ങള്‍ക്കെതിരെ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് പ്രതികാരമായും ഞങ്ങള്‍ക്കെതിരായ അമേരിക്കന്‍-ബ്രിട്ടീഷ് ആക്രമണത്തോടുള്ള പ്രതികരണമായുമാണ് ആക്രമണമെന്നും അവര്‍ വ്യക്തമാക്കി.

ഗാസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഫലസ്തീനികള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2023 നവംബര്‍ മുതല്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലുമുള്ള കപ്പലുകളെ ഹൂതികള്‍ ആക്രമിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര ഷിപ്പിംഗിന് വലിയ തടസ്സമുണ്ടാക്കിയെങ്കിലും, അപകടങ്ങള്‍ അപൂര്‍വമാണ്. മാര്‍ച്ചില്‍ ഏദന്‍ ഉള്‍ക്കടലിലാണ് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം.

അതിനിടെ, യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തിന് വടക്ക് പടിഞ്ഞാറ് 80 നോട്ടിക്കല്‍ മൈല്‍ അകലെ ചെങ്കടലില്‍ ഒരു വ്യാപാര കപ്പലിന് സമീപം സ്‌ഫോടനം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) റിപ്പോര്‍ട്ട് ചെയ്തു, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരമില്ല.

More Stories from this section

family-dental
witywide