
കെയ്റോ: യെമനിലെ ഇറാന്‍ വിന്യസിച്ച ഹൂതികള്‍ ചെങ്കടലില്‍ രണ്ട് യുഎസ് യുദ്ധക്കപ്പല്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സംഘത്തിന്റെ സൈനിക വക്താവ് യഹ്യ സരിയ ചൊവ്വാഴ്ച ടെലിവിഷനിലൂടെയാണ് അറിയിച്ചത്. നിരവധി നാവിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കപ്പലുകള്‍ ലക്ഷ്യമിട്ടതെന്നും യഹ്യ വ്യക്തമാക്കി.
അതേസമയം, ഹൂത്തികളുടെ ചെങ്കടല്‍ ആക്രമണങ്ങള്‍ ആഗോള കപ്പല്‍വഴി തടസ്സപ്പെടുത്തുന്നുണ്ട്. ഇത്, ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ യാത്രാവഴികളിലേക്ക് കപ്പലുകളെ തിരിച്ചുവിടാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികള്‍ക്കെതിരെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂതി വിമതര്‍ നവംബര്‍ പകുതി മുതല്‍ അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയാണ്.