
ന്യൂയോർക്ക്: ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് യെമനിലെ ഹൂതി വിമതർ. ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ആക്രമിക്കാൻ ഹൂതി വിമതർ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് അയച്ചുവെന്നും, എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതായും യുഎസ് നാവികസേന അറിയിച്ചു. സ്‌ഫോടകവസ്തുക്കൾ നിറച്ചെത്തിയ ബോട്ട് തങ്ങളുടെ കപ്പലുകളിൽ നിന്ന് അകലെയാണ് പൊട്ടിത്തെറിച്ചതെന്ന് നാവികസേന അറിയിച്ചു.
തീർത്തും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഹൂതി വിമതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, പ്രദേശത്ത് കൂടി കടന്നുപോയ കപ്പലുകൾക്ക് നേരെ 25ഓളം തവണ ഹൂതി വിമതർ ആക്രമണം നടത്തിയിട്ടുണ്ടെന്നും യുഎസ് നാവികസേന വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുൾപ്പെടെ 12 രാജ്യങ്ങൾ സംയുക്തമായി അന്ത്യശാസനം നൽകി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം.
ഹൂതി വിമതർക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടൺ, ജപ്പാൻ തുടങ്ങീ 12 രാജ്യങ്ങൾ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ കപ്പലുകൾക്ക് നേരെ ആക്രമണശ്രമം നടന്നത്.
നവംബർ 19 മുതൽ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉൾപ്പെടെ ആക്രമിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഹൂതി ആക്രമണം.