പാരിസ്: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്റല്ലയെ വധിക്കാൻ സഹായകരമായ നിർണായക വിവരങ്ങൾ ഇസ്രയേൽ സൈന്യത്തിനു നൽകിയത് ഇറാൻ പൗരനായ ചാരനാണെന്ന സംശയം ബലപ്പെടുന്നു. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയനാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ ചാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ സൈന്യം മിസൈൽ വർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നസ്റല്ല കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇസ്രയേൽ സൈന്യത്തിന് ചാരൻ വിവരം നൽകിയതെന്നാണ് ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. ബെയ്റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗർഭ അറയിൽ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസൻ നസ്റല്ല യോഗം ചേരുന്നുവെന്നായിരുന്നു ചാരൻ ഇസ്രയേൽ സൈന്യത്തെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച പുലർച്ചെയായിരുന്നു ബയ്റുത്തിലെ വ്യോമാക്രമണത്തിൽ നസ്റല്ല കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താൻ നസ്റല്ല ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേൽ സൈന്യമാണ് മരണവാർത്ത അറിയിച്ചത്. പിന്നീടിത് ഹിസ്ബുള്ളയും സ്ഥിരീകരിച്ചു.