ഒട്ടും നാടകീയമായിരുന്നില്ല ന്യൂയോർക്ക് കോടതിയിലെ രംഗങ്ങൾ. വിധിവാചകങ്ങൾ വായിക്കുമ്പോൾ 34 തവണയാണ് Guilty , Guilty (കുറ്റക്കാരൻ) എന്ന വാക്ക് ആവർത്തിക്കപ്പെട്ടത്. ഓരോ തവണ കുറ്റക്കാരനാണ് എന്ന് കോടതി പറയുമ്പോഴും ട്രംപ് അക്ഷോഭ്യനായി ഇരുന്ന് അത് ശ്രദ്ധിക്കുകയായിരുന്നു. ഒരു ഭാവമാറ്റവുമുണ്ടായില്ല. അദ്ദേഹം അനങ്ങിയില്ല. അദ്ദേഹത്തിനൊപ്പം രണ്ടാമത്തെ മകൻ എറിക് ട്രംപും ആ നേരം ഒപ്പമുണ്ടായിരുന്നു.മകൻ വന്ന് ട്രംപിൻ്റെ പുറത്തു തട്ടി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. അവർ ഒരുമിച്ച് അക്ഷോഭ്യരായി കോടതിമുറി വിട്ടു… ചുവന്നു തുടുത്ത മുഖത്തോടെ ട്രംപ് പുറത്തിറങ്ങി… പിന്നീട് അദ്ദേഹം കോടതിക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ മോട്ടോർകേഡ് മാൻഹാട്ടൻ കോടതി പരിസരത്തു നിന്ന് നീങ്ങുമ്പോൾ നൂറുകണക്കിന് ട്രംപ് അനുകൂലികൾ വഴിയോരങ്ങളിൽ നിന്ന് ആർപ്പുവിളിക്കുകയും പാർട്ടി പതാക വീശുകയും ചെയ്തു.
ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് പറയും പോലെ ട്രംപ് വരുന്നിടത്തൊക്കെ അമേരിക്കയുടെ ചരിത്രം വഴിമാറിക്കൊണ്ടിരിക്കുകയാണ്. ഒരു ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡൻ്റാണ് അദ്ദേഹം. ഒരു ക്രിമിനൽ കേസിൽ കുറ്റക്കാരനായ ആദ്യ യുഎസ് പ്രസിഡൻ്റ് സ്ഥാനാർഥിയുമാണ് അദ്ദേഹം. ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടു എന്ന കാരണത്താൽ ഒരാളെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് അമേരിക്കൻ ഭരണഘടനയിൽ എവിടെയും പറയുന്നില്ല. വിധി എന്തുതന്നെയായാലും ട്രംപിൻ്റെ സ്ഥാനാർഥിത്വത്തെ അത് ബാധിക്കുകയേ ഇല്ല. അതേ സമയം ഈ വിധി ഇന്ത്യയിലായിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല.
ഹഷ് മണി കേസിൻ്റെ വിധിയെ വിലയിരുത്തന്നവരുടെ പ്രതിസന്ധി ഇത്തരത്തിൽ ഒരു മുൻ മാതൃക ചരിത്രത്തിൽ ഇല്ല എന്നതാണ്. ഇത് ആദ്യ സംഭവമാണ്. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്നൊക്കെ വിലയിരുത്തുക പ്രയാസകരമാണ്.
ട്രംപ് ഈ വർഷം ആദ്യം തന്നെ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. ജൂലൈ 11നു ശിക്ഷാവിധി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പാർട്ടിയുടെ കൺവെൻഷനിൽ ട്രംപിൻ്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതുവരെയുള്ള സർവേകളിലെല്ലാം തന്നെ ട്രംപിന് നേരിയ മുൻ തൂക്കം പ്രവചിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആറു സംസ്ഥാനങ്ങളിൽ അഞ്ചിടത്തും ട്രംപിന് നേരിയ മുൻ തൂക്കമുണ്ടായിരുന്നു. എന്നാൽ ഈ വിധി അത് മാറ്റിമറിച്ചേക്കാം. ഏതാണ്ട് ഒരു ഫോട്ടോഫിനിഷിലേക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് മാറിയേക്കും.
ഈ ശൈത്യകാലത്ത് റിപ്പബ്ലിക്കൻ പ്രൈമറികളിൽ നടത്തിയ എക്‌സിറ്റ് പോളുകളിൽ, ട്രംപിനെ കുറ്റകൃത്യത്തിന് ശിക്ഷിച്ചാൽ തങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്ന് ഒരുപാട് വോട്ടർമാർ പറഞ്ഞിട്ടുണ്ട്. ഇപ്‌സോസും എബിസി ന്യൂസും ഏപ്രിലിൽ നടത്തിയ സർവേയിൽ ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ 16% പേർ അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ പിന്തുണ പുനഃപരിശോധിക്കുമെന്ന് പറയുന്നുണ്ട്.
ഇതെല്ലാം ഹൈപോത്തെറ്റിക്കലായ ചില പ്രചാരണങ്ങളാണ്. മുൻ തെരഞ്ഞെടുപ്പുകളിലും ഒരു ക്ളീൻ ഇമേജുമായല്ല ട്രംപ് വന്നിട്ടുള്ളത്. 2016 ലെ തെരഞ്ഞെടുപ്പിനു മുമ്പ് വന്ന ബോളിവുഡ് ടേപ് വിവാദമൊക്കെ ട്രംപിൻ്റെ ജനപിന്തുണ കുറച്ചില്ല എന്ന് അദ്ദേഹത്തിന്റെ വിജയം തെളിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്, സിവിൽ തട്ടിപ്പ് കേസ്, ജീൻ കരോളിന്റെ മാനനഷ്ടക്കേസ്, ഇപ്പോഴിതാ ഹഷ് മണി കേസ്…. ഇത്തരം കേസുകളിലൊക്കെ ഉൾപ്പെട്ട ഒരു സ്ഥിരം കുറ്റവാളിയുടെ പരിവേഷമാണോ അതോ കേസുകളിൽ കുടുക്കി പീഡിപ്പിക്കപ്പെടുന്ന ഒരു പാവം പൊതുപ്രവർത്തകൻ്റെ വേദനയാണോ ട്രംപിൽ യുഎസിലെ വോട്ടർമാർ കാണുക
ഇന്ന് ട്രംപ് പറഞ്ഞതാണ് അതിനുത്തരം. യാഥാർഥ വിധി നവംബർ അഞ്ചിനാണ്. അത് പറയുക അമേരിക്കയിലെ ജനങ്ങളാണ്.
How Hush money Conviction impact US Election