ആരതിയും ആലിംഗനവും ആശ്വാസവും …കെജ്രിവാളിനെ വീട്ടില്‍ വരവേറ്റതിങ്ങനെ…

ക്ഷേത്ര സന്ദര്‍ശനം, പത്ര സമ്മേളനം…തിരക്കുകളിലേക്ക് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജൂണ്‍ 1 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെയാണ് ജയില്‍ മോചിതനായത്. അദ്ദേഹത്തിന്റെ മടങ്ങിവരവ് കാത്തിരുന്ന എഎപി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമടക്കം ഇത് നല്‍കിയ സന്തോഷം ചെറുതൊന്നുമല്ല.

അദ്ദേഹത്തെ സ്വീകരിക്കാന്‍ തിഹാര്‍ ജയിലിന് പുറത്ത് ആം ആദ്മി പാര്‍ട്ടി അനുഭാവികളുടെ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. അവര്‍ക്കുള്ള ഊര്‍ജം തന്റെ വാക്കുകളിലൂടെ നല്‍കിയ ശേഷം വീട്ടിലെത്തിയ കെജ്രിവാളിനെ എഎപി എംപി സഞ്ജയ് സിംഗ് സ്വാഗതം ചെയ്തു, മുഖ്യമന്ത്രി കാറില്‍ നിന്ന് ഇറങ്ങിയ നിമിഷം അദ്ദേഹത്തെ ആലിംഗനം ചെയ്തു.

അദ്ദേഹത്തെ മാതാപിതാക്കളും ഭാര്യയും ചേര്‍ന്ന് ആരതിയും മാലയും അണിയിച്ച് വീട്ടിലേക്ക് സ്വീകരിച്ചു. കയ്യില്‍ മാലയുമായി മകനെ വരവേല്‍ക്കാന്‍ അമ്മ വാതില്‍ക്കല്‍ത്തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അമ്മയുടെ കാല്‍ വണങ്ങി അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. അച്ഛനും മകനെ ആലിംഗനം ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ഡല്‍ഹിയിലും ആം ആദ്മിയുടെ സ്റ്റാര്‍ പ്രചാരകയായി മാറിയ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത തന്റെ ഭര്‍ത്താവിനെ മാലയിട്ടാണ് സ്വീകരിച്ചത്. എല്ലാം സന്തോഷ, ആശ്വാസ നിമിഷങ്ങളായിരുന്നു കുടുംബത്തിന് സമ്മാനിച്ചത്.

മദ്യ നയ അഴിമതിക്കേസില്‍ റെയ്ഡിനും ചോദ്യം ചെയ്യലിനുമൊടുവില്‍ 50 ദിവസങ്ങള്‍ക്കുമുമ്പ് മാര്‍ച്ച് 21 നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യമുഖ്യന്ത്രിയായും അദ്ദേഹം മാറി. ജയിലിലിരുന്ന് ഭരണ ചക്രം തിരിക്കാനുള്ള ശ്രമമവും അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ കുടുംബവും പ്രവര്‍ത്തകരും പതറിപ്പോയെങ്കിലും ഉചിതമായ ഇടപെടലും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സാന്നിധ്യവുമായി പെണ്‍സിംഹത്തെപ്പോലെ ഭാര്യ സുനിത കെജ്രിവാള്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ ഉഷാറായി. ഇന്ത്യ സഖ്യത്തില്‍ നിന്നും കിട്ടിയ വലിയ പിന്തുണയും കെജ്രിവാളിന് അധിക ഊര്‍ജ്ജമായി.

ജയിലില്‍ വെച്ച് കൊല്ലപ്പെട്ടേക്കാം എന്ന ആരോപണം പോലും എഎപി ഉയര്‍ത്തി. പ്രമേഹവുമായി പോരാടിയ കെജ്രിവാളിന്റെ ആരോഗ്യസ്ഥിതിയിലെ ആശങ്ക കോടതിയില്‍പ്പോലും എത്തി. കെജ്രിവാളിന് ജാമ്യം നല്‍കുന്നതില്‍ ഇഡി കടുത്ത വിയോജിപ്പ് അറിയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

എഎപി മേധാവിയുടെ മോചനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മാത്രമല്ല, ഇന്ത്യന്‍ സഖ്യത്തിനും ഉത്തേജനം നല്‍കുന്നതാണ്. ഇനി തിരക്കിട്ട ദിവസങ്ങളാണ് അദ്ദേഹെ കാത്തിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും ഉച്ചയ്ക്ക് 1 മണിക്ക് എഎപി ഓഫീസില്‍ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide