ലെബനനിലെ ഹിസ്ബുള്ള ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചത് നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ലെബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയും മുപ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ പേജറുകളും, എന്തിന് മൊബൈല്‍ ഫോണ്‍ പോലും ആളുകളില്‍ ഭയപ്പാടുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പേജറുകളും വാക്കി-ടോക്കികളും ബീപ് ചെയ്യാനും ചൂടാകാനും തുടങ്ങുകയും പെട്ടെന്ന് പൊട്ടിത്തെറിക്കുകയുമാണ് രീതി. തീവ്രവാദികളെയും രാഷ്ട്രീയ ഗ്രൂപ്പായ ഹിസ്ബുള്ളയെയും ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങള്‍. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആവര്‍ത്തിച്ച് ആരോപിക്കുമ്പോഴും ഇസ്രയേല്‍ മൗനം തുടരുകയാണ്. ഞെട്ടിക്കുന്ന സംഭവം ചോദ്യങ്ങളുടെ പെരുമഴയാണ് ഉയര്‍ത്തിയത്. ഇത്രയും നാശമുണ്ടാക്കാന്‍ പേജറുകള്‍ എങ്ങനെയാണ് മരണക്കെണി ഒരുക്കുന്നതെന്ന ചോദ്യമാണ് ഏറ്റവുമധികം.
ലെബനന്‍ ഓര്‍ഡര്‍ ചെയ്ത പേജറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണ പ്രക്രിയയെ തടസ്സപ്പെടുത്തിയല്ല ഇസ്രയേല്‍ സ്‌ഫോടനത്തിന് ചരടുവലിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പകരം, ഇസ്രായേലി പ്രവര്‍ത്തകര്‍ വിതരണ ശൃംഖലയിലെ പ്രധാന പോയിന്റുകള്‍ തിരിച്ചറിയുകയും അത് കൈകാര്യം ചെയ്യാന്‍ ഒരു വഴി കണ്ടെത്തുകയും ചെയ്തു. ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ഒരു പദ്ധതിയിലൂടെ, ഇസ്രായേല്‍ കൃത്രിമ ഉപകരണങ്ങള്‍ ലെബനിലേക്ക് അയയ്ക്കുകയും ചെയ്തു. അവ പിന്നീട് ഇസ്രയേല്‍ പദ്ധതി പ്രകാരം ഹിസ്ബുള്ളയുടെ കൈവശം എത്തി. സാധാരണ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ മറവില്‍ സ്ഥിരം പേജറുകളും വാക്കി-ടോക്കികളും ഹിസ്ബുള്ളക്ക് അയച്ചതാണെന്നാണ് വിവരം. ഈ ഉപകരണങ്ങളിലെ ബാറ്ററികള്‍ മാറ്റുകയും പകരം ബാറ്ററി യൂണിറ്റിന്റെ പകുതി ഭാഗം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നിറച്ച് ബാക്കി പകുതി സാധാരണ നിലയിലുമാക്കിയാണ് സ്ഥാപിച്ചത്. കൂടാതെ, ഹിസ്ബുള്ള പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തം ഉപകരണങ്ങളില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബാറ്ററികള്‍ റിമോട്ട് സിഗ്‌നല്‍ വഴി പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്. ഗുരുതരമായ പരിക്കുകളിലേക്കോ മരണത്തിലേക്കോ നയിക്കുന്ന സ്‌ഫോടനങ്ങള്‍ തന്നെയാണ് പ്ലാന്‍ ചെയ്തവരുടെ ലക്ഷ്യവും. ഇതിന്റെ പൊട്ടിത്തെറിയില്‍ ശരീരത്തിന്റെ നിര്‍ണ്ണായക ഭാഗങ്ങള്‍, പ്രത്യേകിച്ച് മുഖവും കുടലും ലക്ഷ്യമാക്കിയുള്ളതാണ് എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹിസ്ബുള്ളയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഏറിയപങ്കും ഇലക്ട്രോണിക് പേജറുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ മൊബൈലുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹസന്‍ നസ്‌റുല്ല ഹിസ്ബുള്ള പ്രവര്‍ത്തകരോട് പേജറുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചത്. തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍ നിന്നാണ് പേജറുകള്‍ വാങ്ങിയത്. എന്നാല്‍ ഇത് നിര്‍മിച്ചത് ഗോള്‍ഡ് അപ്പോളോയുടെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഹംഗറിയിലുള്ള മറ്റൊരു കമ്പനിയാണ്. ഇവിടുന്ന് ഹിസ്ബുള്‍ വാങ്ങിയ പേജറുകളില്‍ മൂന്ന് ഗ്രാമോളം അളവില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നെന്നും പ്രത്യേക സന്ദേശങ്ങള്‍ വഴി ഇവ ഓപ്പറേറ്റ് ചെയതെന്നുമാണ് വിവരം. അങ്ങനെയെങ്കില്‍ ഹിസ്ബുള്ളയുടെ എറ്റവും വലിയ ഇന്റലിജന്‍സ് വീഴ്ച്ചയായി ഇത് വിലയിരുത്തപ്പെടും.
സാങ്കേതികവിദ്യയെ ചൂഷണം ചെയ്ത് എതിരാളികളെ ഉള്ളില്‍ നിന്ന് ദുര്‍ബലപ്പെടുത്തുന്ന പ്രത്യേക യുദ്ധ രീതിയായാണ് ഈ സ്‌ഫോടനങ്ങല്‍ വിലയിരുത്തപ്പെടുന്നത്.