ട്രംപ് കാലം; ഇന്ത്യക്ക് നേട്ടമോ കോട്ടമോ? വ്യാപാരം മെച്ചപ്പെടുമോ? കുടിയേറ്റ വീസകൾക്ക് എന്ത് സംഭവിക്കും

ട്രംപിൻ്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ അനുമോദിച്ചു. എക്സില്‍ പോസ്റ്റിട്ടു. അതില്‍ അദ്ദേഹം ‘പ്രിയസുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ചരിത്രവിജയത്തില്‍ ഹൃദയംഗമമായ അഭിനന്ദനം’ അര്‍പ്പിച്ചു. ആദ്യ പ്രസിഡന്‍സിക്കാലത്തെ കൂട്ടായ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാനും തങ്ങളുടെ ജനതകളുടെ ജീവിതവും ലോകസമാധാനവും സമൃദ്ധിയും സ്ഥിരതയും മെച്ചപ്പെടുത്താനും ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കി. ഈ വാക്കുകളില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വ്യക്തമാണ്. കൂടുതല്‍ ആഴത്തിലുള്ള ആഗോള സഹകരണവും ഉഭയകക്ഷി ബന്ധവുമാണ് മോദി ലക്ഷ്യമിട്ടത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞത് അമേരിക്കയുടെ പ്രസിഡന്റ് ആരായിരുന്നാലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ക്രമാനുഗതമായി വികസിക്കും എന്നാണ് . അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിനുള്ള പ്രധാന കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വലിയ വളര്‍ച്ച തന്നെയാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ സാമ്പത്തികമായി വളരുന്ന വലിയ രാജ്യം ഇന്ത്യയാണ്.

പക്ഷേ ട്രംപ് കാലത്ത് അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വിപണിയെ രക്ഷിക്കാന്‍ കടുത്ത ചുങ്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് അമേരിക്കന്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായും ട്രംപ് കരുതുന്നു. കഴിഞ്ഞ പ്രസിഡന്‍സിക്കാലത്തും സമാനമായ പ്രശ്നമുണ്ടായിരുന്നുവെങ്കിലും അത് ഉഭയകക്ഷി ബന്ധങ്ങളെ ബാധിച്ചിരുന്നില്ല. ഇരു രാജ്യങ്ങളും വ്യാപാര ചര്‍ച്ചകളില്‍ മുന്‍തൂക്കം കൊടുക്കുന്നത് അതത് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്.

ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും അമേരിക്കയ്ക്ക് സന്തോഷം പകരുന്ന കാര്യമല്ല. 2023-ല്‍ ഇന്ത്യയുടെ വ്യാപാരമിച്ചം 32 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഏതാണ്ട് രണ്ടു ലക്ഷത്തി എഴുപതിനായിരം കോടി രൂപ. ഇത് ട്രംപ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും എന്നതില്‍ സംശയം വേണ്ട. ആദ്യപ്രസിഡന്‍സിക്കാലത്ത് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉരുക്കിനും അലുമിനിയത്തിനുമൊക്കെ താരിഫ് വര്‍ധിപ്പിക്കുകയും വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന പൊതുസംവിധാനത്തില്‍ (ജി.എസ്.പി) നിന്നും ഇന്ത്യയെ നീക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 2,000 ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നികുതിയില്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനമായിരുന്നു ഇത്

ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപിനെ സഹായിച്ച ഏറ്റവും വലിയ വിഷയങ്ങളിലൊന്ന് നിയമവിരുദ്ധമായ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടായിരുന്നു. കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവും. നിയമവിരുദ്ധമായ കുടിയേറ്റത്തിനാണ് ട്രംപ് തടയിടുക എങ്കിലും നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കിയേക്കും. നിലവില്‍ എച്ച് വണ്‍ ബി തൊഴില്‍ വിസയുടെ 72 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് കിട്ടാറ്. എന്തായാലും വരാനിരിക്കുന്ന ബുദ്ധിമുട്ട് മുന്നില്‍ കണ്ട് ഇന്ത്യന്‍ കമ്പനികള്‍ എച്ച് വണ്‍ ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചിട്ടുണ്ട്.

ബൈഡന്‍ ഭരണകൂടം ഇന്ത്യയോട് ഇരട്ടമുഖമുള്ള നയമാണ് സ്വീകരിച്ചിട്ടുള്ളത്. സൈനിക, പ്രതിരോധ രംഗങ്ങളിലെ സഹകരണം ശക്തിയായി തുടരുമ്പോള്‍ തന്നെ ചില പൊട്ടലും ചീറ്റലും കുറ്റപ്പെടുത്തലും. ഖലിസ്താന്‍ ഭീകരവാദി ഗുര്‍പട്വന്ത് സിങ് പന്നൂനെതിരായ വധശ്രമക്കേസിലും കനഡ ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും അമേരിക്ക സ്വീകരിച്ച നിലപാടുകള്‍ തെളിവാണ്. പക്ഷേ, ജസ്റ്റിന്‍ ട്രൂഡോ നയിക്കുന്ന കനഡയെ ചുമക്കുന്നതു കൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഗുണമില്ല, നഷ്ടസാധ്യത കൂടുതലുമാണെന്ന് ട്രംപിന് നന്നായറിയാം. അതിനാല്‍ നിലപാട് മയപ്പെട്ടേയ്ക്കും. മാത്രമല്ല, ഇന്ത്യയെ ശത്രുപക്ഷത്താക്കുന്നതും ബുദ്ധിയല്ല. ആയുധം വാങ്ങുന്ന കാര്യത്തില്‍ ഏറ്റവും പണം മുടക്കുന്ന രാജ്യമാണ് ഇന്ത്യ .

വിദേശ നയത്തില്‍ പൊതുവേ ഇന്ത്യയ്ക്ക് ട്രംപ് വരുന്നത് ഗുണകരമാണ്. മനുഷ്യാവകാശം, ജനാധിപത്യമൂല്യം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ഇന്ത്യയെ ഇടയ്ക്കിടെ ചൊറിയുന്ന നയം മാറിയേക്കും. ഭീകരവാദ വിരുദ്ധതയില്‍ ഇന്ത്യയോടു ചേര്‍ന്നുപോവുന്നതാണ് ട്രംപിൻ്റെ നിലപാട്. ദക്ഷിണേഷ്യയില്‍ ചൈനയെ നിയന്ത്രിച്ചുനിര്‍ത്താനുള്ള ശക്തിയായി അമേരിക്ക ഇന്ത്യയെ കാണുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ താന്‍ അനുവദിക്കില്ലെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന്റെ പേരില്‍ മുമ്പ് അദ്ദേഹം പാകിസ്താനുള്ള സഹായവും വെട്ടിക്കുറച്ചിരുന്നു.

ബംഗ്ലാദേശിലെ ഷേക്ക് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ അമേരിക്കന്‍ ചാരസംഘടന സി.ഐ.എയുടെ പങ്ക് വളരെ വ്യക്തമായിരുന്നു. ഡീപ് സ്റ്റേറ്റിന്റെ പാവയാണ് നിലവില്‍ ഭരിക്കുന്ന മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. സി.ഐ.എയുടെ ലക്ഷ്യങ്ങളില്‍ മണിപ്പുരും മ്യാന്‍മാറിന്റെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമുണ്ടാക്കുന്നതും പെടുന്നതായി ഹസീന ആരോപിച്ചിരുന്നു. ഈയിടെ ഇന്ത്യയും ചൈനയും ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്നതിനു പ്രധാന കാരണം ഈ ഭീഷണിയാണെന്നും കരുതുന്നവരുണ്ട്. എന്തായാലും ബംഗ്ലാദേശിന്റെ കാര്യത്തില്‍ ട്രംപ് എന്തു നിലപാടാണ് എടുക്കുക എന്ന് ദക്ഷിണേഷ്യ ഉറ്റുനോക്കുകയാണ്.

കഴിഞ്ഞ തവണ ട്രംപ് അധികാരത്തില്‍ വന്ന കാലം മുതല്‍ മോദിയുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നേരിടുന്ന അക്രമത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് ഒരു പരിധി വരെ ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് കാണിക്കുന്നത്.

2019-ല്‍ ടെക്സസില്‍ നടന്ന ‘ഹൌഡി മോഡി’ പരിപാടിയില്‍ 50,000 ആള്‍ക്കാര്‍ക്ക് മുന്നിലാണ് ട്രംപും മോദിയും ഒരുമിച്ചു പങ്കെടുത്തത്. ഒരു വിദേശ നേതാവിന് അമേരിക്കയില്‍ കിട്ടുന്ന ഏറ്റവും വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിലെ ഊഷ്മളത ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാവുമെന്ന് കരുതാം.

How Trump Presidency will Effect India And its Diplomacy

More Stories from this section

family-dental
witywide