തൊട്ടാൽ പൊള്ളുന്ന മാറ്റങ്ങളുമായി യുകെ ഫാമിലി വിസ; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

ലണ്ടൻ: കുടിയേറ്റത്തിന്റെ നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിൻ്റെ പദ്ധതിയുടെ ഭാഗമായി, വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി യുകെ ഗവൺമെന്റ്. ഇതിന്റെ ഭാഗമായി കുടുംബത്തിന് വിസ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി ബ്രിട്ടൻ വർദ്ധിപ്പിച്ചു. ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നുമുള്ള ആശ്രിതർക്ക് അനുവദിക്കുന്ന വിസകളിലാണ് ഈ മാറ്റം. ഇന്ത്യ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ബ്രിട്ടനിലേയ്ക്ക് ഏറ്റവും ഫാമിലി വിസ അനുവദിക്കപ്പെടുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ നടപടി.

കുടുംബത്തെ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ മിനിമം വരുമാനം ഗണ്യമായി ഉയർത്തിയതാണ് ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇനി മുതൽ 29,000 പൗണ്ടിൽ താഴെ വരുമാനമുള്ള ഇന്ത്യൻ കുടിയേറ്റക്കാർക്ക് കുടുംബാംഗങ്ങളുടെ വിസ സ്പോൺസർ ചെയ്യാൻ കഴിയില്ല. നിലവിലെ വരുമാന പരിധിയായ 18,600 പൗണ്ടിൽ നിന്ന് 55% വർദ്ധനവാണ് വരുത്തിയിരുക്കുന്നത്. അടുത്ത വർഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയരും.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ ഏകദേശം 50% ആളുകളുടെ വാർഷിക വരുമാനം 2022-ൽ 39,000 പൗണ്ടിൽ താഴെയായിരുന്നു.

പഠനവുമായി ബന്ധപ്പെട്ടും ജോലിക്കാർക്കായും നിരവധി ഇന്ത്യക്കാർ യുകെയിൽ എത്തുന്നുണ്ട്. നൈപുണ്യമുള്ള തൊഴിൽ വിസകളിൽ കൂടുതൽ പേർ ഇന്ത്യക്കാരായിരുന്നു. നഴ്സുമാരും ആരോഗ്യപരിചരണ ജീവനക്കാരുമാണ് ഇന്ത്യൻ കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും. ഇന്ത്യക്കാർക്ക് അനുവദിച്ച ഇത്തരം വിസകളുടെ എണ്ണം 2021-22ൽ 13,380 ആയിരുന്നത് 2022-23ൽ 63 ശതമാനം വർധിച്ച് 21,837 ആയി മാറി.

ബ്രിട്ടനിൽ തൊഴിൽ വിസ നൽകിയവരിൽ 38 ശതമാനവും ഇന്ത്യക്കാരാണെന്നാണ് യുകെ ഹോം ഓഫീസ് ഡാറ്റ കാണിക്കുന്നത്. ഫാമിലി വിസ നിയമങ്ങളിൽ അടുത്തിടെ വന്ന മാറ്റങ്ങൾ പല ഇന്ത്യൻ തൊഴിലാളികളെയും കഷ്ടത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide