‘മുസ്ലിം പളളിയില്‍ ജയ് ശ്രീറാം വിളിച്ചാൽ ക്രിമിനൽ കുറ്റമാകുമോ?’, ചോദ്യവുമായി സുപ്രിംകോടതി, കര്‍ണാടക സർക്കാരും പൊലിസും നിലപാട് അറിയിക്കണം

ഡല്‍ഹി: മുസ്ലിം പള്ളിയില്‍ ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെയാണ് ക്രിമിനൽ കുറ്റമാവുകയെന്ന ചോദ്യവുമായി സുപ്രിംകോടതി. ഇക്കാര്യത്തില്‍ കര്‍ണാടക സർക്കാരും പൊലിസും നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

മുസ്ലിം പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചത് തെറ്റല്ലെന്ന കര്‍ണാടക ഹൈക്കോടതി നിരീക്ഷണത്തിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോളാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

പള്ളിയില്‍ കയറി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം 20 ദിവസത്തിനുള്ളില്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതായി കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. പക്ഷെ, ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആദര്‍ശസൂക്തം വിളിച്ചത് എങ്ങനെയാണ് തെറ്റാവുകയെന്ന് കോടതി തിരിച്ചു ചോദിച്ചു. മതവിദ്വേഷം ജനിപ്പിക്കുക എന്നു വകുപ്പ് പ്രകാരം ഇത് കുറ്റകരമാണെന്ന് ദേവദത്ത് കാമത്ത് പറഞ്ഞു.

പ്രതികളെ തിരിച്ചറിഞ്ഞോ എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പ്രതികളെ റിമാന്‍ഡ് ചെയ്തതാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പള്ളിയുടെ അടുത്ത് കണ്ടവര്‍ മുദ്രാവാക്യം വിളിച്ചതിന് എന്താണ് തെളിവെന്ന് കോടതി ചോദിച്ചു. താന്‍ പള്ളി കമ്മിറ്റിക്ക് വേണ്ടിയാണ് ഹാജരാവുന്നതെന്നും തെളിവ് ശേഖരണം പോലിസിന്റെ പണിയാണെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ പക്ഷേ, കോടതി പോലിസിന് ഔദ്യോഗിക നോട്ടീസ് അയച്ചില്ല. പരാതിയുടെ പകര്‍പ്പ് കര്‍ണാടക സര്‍ക്കാരിന് നല്‍കാന്‍ ഹരജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കും.

ദക്ഷിണ കന്നഡയിലെ കഡബ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. പള്ളിയില്‍ കയറി ജയ്ശ്രീറാം വിളിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തില്ലെന്ന ഹൈക്കോടതി നിരീക്ഷണം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പള്ളി കമ്മിറ്റിയുടെ അപ്പീല്‍ പറയുന്നു.

2023 സെപ്റ്റംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസം രാവിലെയാണ് പരാതി നല്‍കിയത്. തുടങ്ങി മതവികാരം വ്രണപ്പെടുത്തല്‍ (ഐപിസി 295), അതിക്രമിച്ചു കയറല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടു പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.

More Stories from this section

family-dental
witywide