ബീജിങ്: അമേരിക്കൻ ടെക്നോളജിക്ക് മറുപടിയുമായി ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവെയ്. വാവെയുടെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മേറ്റ് 70 സിരീസ് പുറത്തിറക്കി. ഹാര്‍മണിഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക. മേറ്റ് 60 സിരീസ് പുറത്തിറങ്ങി ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് മേറ്റ് 70യുടെ വരവ്. അമേരിക്കന്‍ സാങ്കേതികവിദ്യകളെ പൂര്‍ണമായി ഉപേക്ഷിച്ചാണ് ഫോണുകള്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.
കമ്പനിയുടെ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും നവീനമായ ഫ്ലാഗ്‌ഷിപ്പ് ആണ് വാവെയ് മേറ്റ് 70 സിരീസ്. വാവെയ് മേറ്റ് 70, മേറ്റ് 70 പ്രോ, മേറ്റ് 70 പ്രോ+, മേറ്റ് 70 ആര്‍എസ് എന്നീ മോഡലുകളാണ് വാവെയ് 70 സിരീസിലുള്ളത്. ചൈനയില്‍ 5,499 യുവാനിലാണ് (64,100 രൂപ) മേറ്റ് 70ന്‍റെ (12 ജിബി റാം + 256 ജിബി സ്റ്റോറേജ്) വില ആരംഭിക്കുന്നത്. ചൈനയില്‍ 5,999 യുവാന്‍ വിലയുള്ള ഐഫോണ്‍ 16ന്‍റെ ബേസ് മോഡലിനേക്കാള്‍ കുറഞ്ഞ വിലയിലാണ് വാവെയ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് കൗതുകം.
ട്രംപിന്റെ വരവോടെ കൂടുതല്‍ യുഎസ് നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ സാങ്കേതികവിദ്യകൾക്ക് പകരം ഉപയോഗിച്ചാണ് വാവെയ് അവതരിപ്പിച്ചിരിക്കുന്നത്. ഹാര്‍മണിഒഎസ് നെക്‌സ്റ്റിന്‍റെ ആദ്യ കൊമേഴ്‌സ്യല്‍ വരവ് കൂടിയാണ് വാവെയ് മേറ്റ് 70ലൂടെ സംഭവിക്കുന്നത്. ആന്‍ഡ്രോയ്‌ഡ് സാങ്കേതികവിദ്യയില്‍ നിന്ന് ഇതോടെ വാവെയ് പൂർണമായി വഴിമാറും. 5ജി സാങ്കേതികവിദ്യ വരെ ഫോണുകള്‍ സ്വീകരിക്കും. മികച്ച ക്യാമറ ഫീച്ചറുകളും ഫോണുകള്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Huawei release new mate series