
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ മഞ്ഞുവീഴ്ച ഉണ്ടായതായതിനെത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്. മഞ്ഞിലൂടെ തെന്നിനീങ്ങുന്ന സാഹസിക വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി സ്‌കിയേഴ്‌സിനെയാണ് കാണാതായതെന്നാണ് വിവരം.
തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ഗുല്‍മാര്‍ഗിന്റെ മുകള്‍ ഭാഗങ്ങളില്‍ കോങ്ദൂരി ചരിവുകള്‍ക്ക് സമീപമാണ് വന്‍ ഹിമപാതമുണ്ടായതായി അധികൃതര്‍ അറിയിച്ചത്. സ്വദേശികളില്ലാതെയാണ് വിദേശികള്‍ സ്‌കീ ചരിവുകളിലേക്ക് പോയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈന്യവും ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ പട്രോളിംഗ് സംഘവും തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്.
ഹിമപാതത്തിന് ശേഷം വിനോദസഞ്ചാരികള്‍ മുട്ടോളം മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്നതും ഒരു ഹെലികോപ്റ്റര്‍ പ്രദേശത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഗുല്‍മാര്‍ഗിലെ സാഹസിക വിനോദങ്ങള്‍ക്കായി വിനോദസഞ്ചാരികള്‍ പതിവായി ഉപയോഗിക്കുന്ന ഒരിടമാണ് അപകടത്തിന് വേദിയായിരിക്കുന്നത്. ജനുവരിയുടെ ആദ്യ ആഴ്ചകളില്‍ വരണ്ട കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച ഗുല്‍മാര്‍ഗില്‍ ഫെബ്രുവരിയോടെ വന്‍ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. പ്രകൃതിദൃശ്യങ്ങള്‍ക്കും ലോകോത്തര സ്‌കീയിംഗ് ചരിവുകള്‍ക്കും പേരുകേട്ട ഈ നഗരം, സാഹസികത തേടുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണിപ്പോള്‍.