അയോധ്യ രാമക്ഷേത്രത്തിലെ വരവ് കണക്ക് പുറത്ത്, 10 ദിവസത്തിൽ 11 കോടി, 25 ലക്ഷം ഭക്തര്‍ എത്തി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോൾ ഇതുവരെയുള്ള സംഭാവന വരവിന്‍റെ കണക്ക് പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്. പത്ത് ദിവസം കൊണ്ട് രാമക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് പതിനൊന്ന് കോടിയലധികം രൂപയാണ്. ഭണ്ഡാരത്തിൽ ഭക്തർ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്. ചെക്കും ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ലഭിച്ചതാകട്ടെ മൂന്നര കോടി രൂപയാണ്. ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്തയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടാണ് പ്രകാശ് ഗുപ്ത ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്രത്തില്‍ 25 ലക്ഷത്തിലേറെ ഭക്തര്‍ ഇതിനകം സന്ദര്‍ശനം നടത്തിയതായും പ്രകാശ് ഗുപ്ത വ്യക്തമാക്കി. ദിനം പ്രതി രണ്ട് ലക്ഷത്തിലേറെ ഭക്തർ ഇവിടെ എത്താറുണ്ടെന്നും അവധി ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർധിക്കാറുണ്ടെന്നും അദ്ദേഹം വിവരിച്ചു. ഉത്തരേന്ത്യയിൽ തണുപ്പു കുറയുന്നതോടെ ഭക്തരുടെ എണ്ണം വ‍ർധിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രകാശ് ഗുപ്ത ചൂണ്ടികാട്ടി.

ഭക്തര്‍ക്ക് സംഭാവന നിക്ഷേിപിക്കാനായി നാല് ഭണ്ഡാരങ്ങളാണ് അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ നാല് ഭണ്ഡാരങ്ങൾക്ക് പുറമേ ഡിജിറ്റല്‍ സംഭാവനകള്‍ സ്വീകരിക്കാനായി പത്ത് കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സന്ദർശന സമയം കഴിഞ്ഞ ശേഷം 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് ജീവനക്കാരും ചേര്‍ന്നാണ് ദിവസവും ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുക. സി സി ടി വി നിരീക്ഷണത്തിലാണ് എല്ലാ പ്രവർത്തനങ്ങളെന്നും ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത വ്യക്തമാക്കി.

അതേസമയം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രം തുറന്നതിന് പിന്നാലെപിന്നാലെ തന്നെ ഭക്തരുടെ വന്‍ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെട്ടത്. മൂന്ന് ലക്ഷത്തോളം തീർത്ഥാടകരാണ് ആദ്യദിനം രാമക്ഷേത്രത്തിലെത്തിയത്.

Huge crowd of devotees in Ayodhya

More Stories from this section

family-dental
witywide