ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻറെ പ്രതിനിധി ലോകത്തിലെ ഏറ്റവും വലിയ അക്രമിയെ ആലിംഗനം ചെയ്യുന്ന കാഴ്ച നിരാശാജനകം: യുക്രെയിൻ പ്രസിഡൻ്റ് സെലൻസ്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുക്രെയിൻ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെൻസ്കി അതൃപ്തി പ്രകടിപ്പിച്ചു. നരേന്ദ്ര മോദി പുടിനെ സന്ദർശിക്കാൻ മോസ്കോയിൽ എത്തിയ ദിവസം തന്നെ യുക്രെയിനിലെ കീവിലുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയിരുന്നു.

ഈ സംഭവത്തിനിടെ നടന്ന കൂടിക്കാഴ്ച സമാധാന ശ്രമങ്ങൾക്കുള്ള വലിയ തിരിച്ചടിയാണെന്നും ഇത് വലിയ നിരാശ ഉണ്ടാക്കുന്നുവെന്നും സെലെൻസ്കി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻറെ പ്രതിനിധി ലോകത്തിലെ ഏറ്റവും വലിയ അക്രമിയെ ആലിംഗനം ചെയ്യുന്ന കാഴ്ച വല്ലാത്ത അതൃപ്തി ഉണ്ടാകുന്നതായി സെലൻസ്കിയുടെ സമൂഹ മാധ്യമ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

മോസ്കോയിലെ നോവോ-ഒഗർയോവോയിലുള്ള പുടിന്റെ വസതിയിലെത്തിയാണ് മോദി അദ്ദേഹത്തെ സന്ദർശിച്ചത്. മോദി പുടിൻ്റെ വസതി സന്ദർശിക്കുന്ന വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കൂടിക്കാഴ്ചയിലൂടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.

ചൈനയും റഷ്യയുമായുള്ള ബന്ധം ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന് വിള്ളലുകളുണ്ടായിട്ടില്ല എന്നതിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ച. ഇത് പുടിനെ മാറ്റിനിർത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് വിഘാതമായേക്കാം. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചത് റഷ്യയ്ക്ക് സാമ്പത്തികമായി ഗുണം ചെയ്തിരുന്നു.

ഇന്ത്യയും റഷ്യയുമായുള്ള സൗഹൃദത്തിൽ അമേരിക്കയും നേരത്തെ തന്നെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ വശങ്ങളും സാധ്യതകളും പരിശോധിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

യുക്രെയ്നോടുള്ള ശത്രുത അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ റഷ്യയോട് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, ഈ വിഷയത്തില്‍ റഷ്യയ്‌ക്കെതിരേ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയാണുണ്ടായത്.

huge disappointment says Zelensky on Modi – Putin meeting

More Stories from this section

family-dental
witywide