ടെന്നസി: ഈസ്റ്റർ ദിനത്തിൽ ടെന്നസിയിലെ ഒരു ക്രിസ്ത്യൻ പള്ളിക്ക് പുറത്ത് ബൈബിളുകൾ നിറച്ച ട്രെയിലറിന് തീയിട്ടതായി ലോക്കൽ പോലീസ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ 6 മണിയോടെ, നാഷ്‌വില്ലിൽ നിന്ന് 20 മൈൽ കിഴക്കുള്ള നഗരമായ മൗണ്ട് ജൂലിയറ്റിലെ ഗ്ലോബൽ വിഷൻ ബൈബിൾ ചർച്ചിന് സമീപമുള്ള ഒരു ജംഗ്ഷനിൽ പോലീസും അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാൻ സംഭവ സ്ഥലത്തേക്ക് എത്തിയതായി വിൽസൺ കൗണ്ടി ഷെരീഫിൻ്റെ ഓഫീസ് വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങൾ തീയണച്ചതായി ഷെരീഫിൻ്റെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
“ബൈബിളുകൾ അടങ്ങിയ ട്രെയിലർ മനഃപൂർവം ജംഗ്ഷനിൽ വച്ച് കത്തിച്ചതാണ്.” നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൻ്റെ സ്വകാര്യത നിലനിർത്തേണ്ടതിനാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഗ്ലോബൽ വിഷൻ്റെ സ്ഥാപകനും സ്വയം പ്രഖ്യാപിത “സോഷ്യൽ മീഡിയ ഫയർബ്രാൻഡ്” ആയ പാസ്റ്റർ ഗ്രെഗ് ലോക്ക്, കത്തിച്ച ബൈബിളുകൾ നിറച്ച യൂട്ടിലിറ്റി ട്രെയിലറിൻ്റെ ഫോട്ടോകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കിട്ടു. പള്ളിയുടെ തൊട്ടുമുന്നിൽ ഒരാൾ ട്രെയിലർ പാർക്ക് ചെയ്യുന്നത് സുരക്ഷാ ക്യാമറകളിൽ പതിഞ്ഞതായി അദ്ദേഹം അടിക്കുറിപ്പിൽ സൂചിപ്പിച്ചു. കുറ്റവാളി ഉടൻ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാസ്റ്റർ ലോക്ക് തൻ്റെ സഭയ്ക്ക് ഉറപ്പ് നൽകി.