ജാഗ്രത പാലിക്കുക! ബെറിൽ ചുഴലിക്കാറ്റ് മധ്യ ടെക്സസ് തീരം തൊട്ടു; വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു

ടെക്സസ്: ബെറിൽ ചുഴലിക്കാറ്റ് ടെക്‌സസിൻ്റെ മധ്യ തീരപ്രദേശമായ മറ്റാഗോർഡയ്ക്ക് സമീപം കര തൊട്ടു. കാറ്റഗറി 1 കൊടുങ്കാറ്റായാണ് ബെറിൽ തീരംതൊട്ടതെന്ന് യുഎസ് നാഷണൽ ഹരികെയ്ൻ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് കരതൊട്ടതിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും പ്രധാന എണ്ണ തുറമുഖങ്ങളും സ്കൂളുകളും അടച്ചിടുകയും ചെയ്തു.

“ബെറിലി ഇന്ന് ഉഷ്ണമേഖലാ കൊടുങ്കാറ്റാകുയും ചൊവ്വാഴ്ചയോടെ ദുർബലമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” യുഎസ് നാഷണൽ ഹരികെയ്ൻ കേന്ദ്രം അറിയിച്ചു. നേരത്തേ ബെറിൽ കാറ്റഗറി 5 കൊടുങ്കാറ്റായി ഹ്യൂസ്റ്റണിൻ്റെ തെക്ക്-തെക്കുപടിഞ്ഞാറായി ഏകദേശം 85 മൈൽ (135 കി.മീ) ദൂരം ആഞ്ഞ് വീശിയിരുന്നു. ആക്ടിംഗ് ഗവർണർ ഡാൻ പാട്രിക് 121 കൗണ്ടികളിൽ സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ജമൈക്ക, ഗ്രെനഡ, സെൻ്റ് വിൻസെൻ്റ്, ഗ്രനേഡൈൻസ് എന്നിവിടങ്ങളിലൂടെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 11 പേർ മരിച്ചു. സെൻ്റർപോയിൻ്റ് എനർജിയുടെ സേവന മേഖലകൾക്ക് കീഴിലുള്ള 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഗാൽവെസ്റ്റണിൽ കനത്ത മഴ വൈദ്യുതി തടസത്തിന് കാരണമായി. ശക്തമായ കാറ്റും മഴയും മൂലം വെള്ളപ്പൊക്കമുണ്ടായി.

ബെറിലിൽ തീരം തൊട്ടതോടെ, ഹൂസ്റ്റണിലെ ഏറ്റവും വലിയ സ്‌കൂളുകൾ ഉൾപ്പെടെയുള്ള നിരവധി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ, കോർപ്പസ് ക്രിസ്റ്റി, ഗാൽവെസ്റ്റൺ, ഹൂസ്റ്റൺ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രധാന എണ്ണ-ഷിപ്പിംഗ് തുറമുഖങ്ങൾ, റിഫൈനറികൾക്കും കയറ്റുമതി ചെയ്യാനുള്ള ക്രൂഡ് ഓയിൽ വിതരണത്തിലും തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.