ബെറിൽ ചുഴലിക്കാറ്റ്; ടെക്സസിലും ലൂസിയാനയിലുമായി 8 മരണം

ഹൂസ്റ്റൺ: ടെക്‌സസിൽ ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് ഗ്രേറ്റർ ഹൂസ്റ്റൺ പ്രദേശത്ത് മരിച്ചവരുടെ എണ്ണം ഏഴായി. ലൂസിയാനയിലും ഒരാൾ മരിച്ചു. ശക്തമായ കാറ്റിൽ ഏകദേശം 30 ലക്ഷം വീടുകളിലും വ്യവസായ സ്ഥാനങ്ങളും വൈദ്യുതി ബന്ധം നഷ്ടമായി. നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

ദശലക്ഷക്കണക്കിന് ടെക്‌സാസുകാർക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം. സംസ്ഥാനത്ത് കടുത്ത ചൂട് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. എയർ കണ്ടിഷൻ ഇല്ലാതെ ആളുകൾ വലയുകയാണ്. അതിനിടെ ബെറിൽ പോകുന്ന വഴികളിലെല്ലാം പേമാരിയും വെള്ളപ്പൊക്കവും തുടരുകയാണ്.

ശക്തികുറഞ്ഞെങ്കിലും കൊടുങ്കാറ്റ് ഇന്ന് പുലർച്ചെ അർക്കൻസാസിൽ എത്തുമെന്നും തെക്കൻ മിസോറി, ഇല്ലിനോയ് എന്നിവിടങ്ങളിലൂടെ കടന്നു പോകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ബുധനാഴ്ച ഇന്ത്യാനയിൽ വീശിയടിക്കുകയും ഒഹായോ, മിഷിഗൺ എന്നിവിടങ്ങളിലൂടെ കടന്ന് ആഴ്‌ചാവസാനത്തോടെ കാനഡയിലേക്ക് കടക്കുമെന്നുമാണ് പ്രവചനം.

അതിനിടെ ബെറിലിൻ്റെ ശക്തി കുറഞ്ഞ് അതൊരു പ്രാദേശിക ന്യൂനമർദമായി മാറിയിട്ടുണ്ട്. ബെറിൽ കൊടുങ്കാറ്റിനോപ്പം വന്ന പേമാരിയും ഇടിമിന്നലുമാണ് ആളുകളുടെ ജീവൻ കവർന്നത്.

മൂന്ന് പേർ മരം വീണതിനെ തുടർന്നാണ് മരിച്ചത്. ഒരാൾ ഇടിമിന്നലിനെ തുടർന്നുണ്ടായ തീപിടിത്തത്തിലും രണ്ട് പേർ വെള്ളത്തിൽ മുങ്ങിയുമാണ് മരിച്ചത്. ഇതിന് പുറമെ വെള്ളപ്പൊക്കത്തിൽ വാഹനം കുടുങ്ങി ഹൂസ്റ്റൺ പൊതുമരാമത്ത് ജീവനക്കാരനും മരിച്ചതായി മേയർ സിൽവെസ്റ്റർ ടർണർ അറിയിച്ചു.

സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ തീപിടിത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മിന്നലേറ്റതിനെ തുടർന്നുണ്ടായ തീപിടിത്തമെന്ന് കരുതപ്പെടുന്നു. ഹംബിളിൽ, ചുഴലിക്കാറ്റ് സമയത്ത് വീടിന് മുകളിൽ ഓക്ക് മരം വീണതിനെ തുടർന്ന് 53കാരൻ മരിച്ചു. ഭാര്യയും മക്കളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വടക്കൻ ഹാരിസ് കൗണ്ടിയിൽ വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ഒരാൾ മരിച്ചു.

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ രണ്ട് പേർ മരിച്ചതായി കൗണ്ടി ഷെരീഫ് എറിക് ഫാഗൻ സ്ഥിരീകരിച്ചു. പ്രായമായൊരു സ്ത്രീയും ഓട്ടിസം ബാധിച്ച ഒരു കുട്ടിയുമാണ് മരിച്ചത്. മോണ്ട്ഗോമറി കൗണ്ടിയിൽ തിങ്കളാഴ്ച ഉച്ചയോടെ ന്യൂ കാനിയിൽ മരം വീണ് ഒരാൾ മരിച്ചു. ട്രാക്ടർ ഉപയോഗിച്ച് റോഡരികിലെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെ കാറ്റിൽ  വലിയ മരം 40കാരന്റെ മുകളിലേക്ക് വീഴുകയായിരുന്നു.