ഹെലന്‍ ചുഴലിക്കാറ്റ് : തെക്കുകിഴക്കന്‍ യുഎസില്‍ മുന്നറിയിപ്പ്, ഫ്‌ളോറിഡയിലെ 41 കൗണ്ടികളില്‍ അതീവ ജാഗ്രത

ഫ്‌ളോറിഡ: കേമാന്‍ ദ്വീപുകള്‍ക്ക് തെക്ക് സ്ഥിതി ചെയ്യുന്ന കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കരതൊടാന്‍ സാധ്യതയുള്ളതിനാല്‍ യുഎസിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കരയിലെത്തുമ്പോള്‍ വലിയ ചുഴലിക്കാറ്റായി ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തിങ്കളാഴ്ച ക്യൂബയുടെയും മെക്സിക്കോയുടെയും ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

ഹെലന്‍ തീര്‍ച്ചയായും ഒരു വലിയ ചുഴലിക്കാറ്റായി മാറിയേക്കാമെന്നും, കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ചുഴലിക്കാറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്‌ളോറിഡ പാന്‍ഹാന്‍ഡിലിലെയും ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തെയും ആളുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

ചുഴലിക്കാറ്റിനു മുന്നോടിയായി 41 കൗണ്ടികളില്‍ തിങ്കളാഴ്ച ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റഗറി 4 കൊടുങ്കാറ്റായി ഇത് ശക്തിപ്പെടാന്‍ എപ്പോഴും ചില സാധ്യതകള്‍ ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച ഫ്‌ളോറിഡയുടെ ചില ഭാഗങ്ങളെ ബാധിക്കുമെന്നും വ്യാഴാഴ്ച വടക്കുകിഴക്കന്‍ ഗള്‍ഫ് തീരത്ത് എത്തുമ്പോഴേക്കും ഇത് വലിയ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണിക്കൂറില്‍ 38 മൈല്‍ വേഗത കാറ്റ് കൈവരിക്കുമെന്നാണ് കരുതുന്നത്.

കൊടുങ്കാറ്റിന്റെ പാത നിരീക്ഷിക്കുന്നുണ്ടെന്നും ഫ്‌ലോറിഡയിലുള്ളവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് തുടരുമെന്നും ചുഴലിക്കാറ്റിനെ നേരിടാന്‍ കഴിയുന്നത്ര തയ്യാറാകാനുമുള്ള സമയമാണിതെന്നും ഡിസാന്റിസ് എക്സില്‍ പറഞ്ഞു.

More Stories from this section

family-dental
witywide