ഹെലീൻ ചുഴലിക്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ കര തൊടുമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കാറ്ററി 4ൽപ്പെട്ട അതി രൂക്ഷമായ ചുഴലിക്കാറ്റായി ഹെലീൻ മാറിയിരിക്കുകയാണ്. ഫ്ലോറിഡയിൽ പലയിടത്തും കനത്ത മഴയും വെള്ളപ്പൊക്കവും ആരംഭിച്ചു കഴിഞ്ഞു. ഫ്ലോറിഡ, തെക്കുകിഴക്കൻ ജോർജിയ, നോർത്ത്, സൗത്ത് കരോലിന ഭാഗങ്ങളിൽ ചുഴലിക്കാറ്റിൻ്റെ ഭീഷണി നിലനിക്കുന്നു.
ഹെലിൻ ഇതുവരെ കരയിൽ തൊട്ടില്ലെങ്കിലും ഫ്ലോറിഡ തീരത്ത് അതിൻ്റെ ആഘാതം ഇതിനകം കണ്ടുതുടങ്ങിയിട്ടുണ്ട്. ഫ്ലോറിഡ ഗൾഫ് കോസ്റ്റിലെ അന്ന മരിയ ദ്വീപിന് സമീപം തെരുവുകൾ ഇതിനകം വെള്ളത്തിനടിയിലാണ്, കടകളിലും വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.
കൊടുങ്കാറ്റ് തീരപ്രദേശങ്ങളിൽ ഒരു വൻ ദുരിതം സൃഷ്ടിക്കുമെന്നും തെക്കുകിഴക്കൻ യുഎസിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അപകടകരമായ കാറ്റും മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
മെക്സിക്കോ ബീച്ചിൽ കിഴക്കോട്ടും തെക്ക് ഫ്ലമിംഗോ, ടാംപ ബേ, ഷാർലറ്റ് ഹാർബർ എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് ഉണ്ട്. വലിയതും അപകടകരവുമായ തിരമാലകളുണ്ടാകുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റ് ശാന്തമാകുംവരെ ആരും പുറത്തുപോകരുതെന്ന് മുന്നറിയിപ്പുണ്ട്.
200,000 നിവാസികളുള്ള ഫ്ലോറിഡയിലെ ടല്ലഹാസിയെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Hurricane Helene has been upgraded to a category four storm