വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം മില്‍ട്ടണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ദുരന്ത നിവാരണ സംഘത്തിന് ട്രംപിനെ പിന്തുണയ്ക്കുന്നുവെന്ന് തോന്നുന്നവരെ സഹായിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥക്ക് ജോലി നഷ്ടമായി. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി (ഫെമ) സൂപ്പര്‍വൈസറായ മാര്‍നി വാഷിംഗ്ടണിനെയാണ് വിവാദ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ടത്.
രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തന്റെ ജീവനക്കാര്‍ക്ക് മാര്‍നി വാഷിംഗ്ടണ്‍ നല്‍കിയ സന്ദേശത്തിന്റെ പകര്‍പ്പ് ഡെയ്ലി വയര്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഫെമ അഡ്മിനിസ്ട്രേറ്റര്‍ ഡീന്‍ ക്രിസ്വെല്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. രാഷ്ട്രീയ ബന്ധങ്ങള്‍ പരിഗണിക്കാതെ ആളുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള ഫെമ മൂല്യങ്ങള്‍ ഇവര്‍ ലംഘിച്ചതായി ക്രിസ്വെല്‍ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ വിഷയം പ്രത്യേക കൗണ്‍സിലറുടെ ഓഫീസിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും ക്രിസ്വെല്‍ പറഞ്ഞു.
ദുരന്തങ്ങള്‍ക്ക് മുമ്പും ശേഷവും ആളുകളെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളുടെ പ്രവര്‍ത്തകരെന്നും പലപ്പോഴും ദുരന്തത്തെ അതിജീവിച്ചവരെ സഹായിക്കാന്‍ സ്വന്തം കുടുംബത്തോടൊപ്പമുള്ള സമയം പോലും ത്യജിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.