ഫ്‌ളോറിഡ: ഹെലന്‍ ചുഴലിക്കാറ്റിന് രണ്ടാഴ്ചയ്ക്ക് ശേഷം എത്തുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ മുന്‍ കരുതലുകള്‍ ശക്തമാക്കുന്നതോടെ ഫ്‌ളോറിഡയിലെ വിമാന, കപ്പല്‍ യാത്രക്കാരെ ഉള്‍പ്പെടെ ബാധിക്കും. ഈ ആഴ്ച നിങ്ങളുടെ യാത്രകളില്‍ കാലതാമസവും റദ്ദാക്കലും നേരിടേണ്ടിവന്നേക്കാം.
ഫ്‌ളോറിഡയിലെ ഗള്‍ഫ് തീരത്തേക്ക് നീങ്ങുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ബുധനാഴ്ച കരയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഫ്‌ളൈറ്റുകളെയും ക്രൂയിസ് കപ്പലുകളെയും ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. മില്‍ട്ടണ്‍ കാരണം 9, 10 തീയതികളില്‍ വെസ്റ്റ് പാം ബീച്ചിനും ഒര്‍ലാന്‍ഡോയ്ക്കും ഇടയിലുള്ള സര്‍വീസ് ബ്രൈറ്റ്ലൈന്‍ നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒര്‍ലാന്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 9 ബുധനാഴ്ച രാവിലെ വാണിജ്യ, സ്വകാര്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഒക്ടോബര്‍ 8 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് റ്റാമ്പ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരും അറിയിച്ചു. കൊടുങ്കാറ്റിനുശേഷം എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ വിലയിരുത്തുന്നത് വരെ വിമാനത്താവളം അടക്കുമെന്നാണ് മുന്നറിയിപ്പ്. 10 മുതല്‍ 15 അടി വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിനെയും വെള്ളപ്പൊക്കത്തെയും കുറിച്ച് റ്റാമ്പ വിമാനത്താവളം പ്രത്യേകിച്ചും ആശങ്കാകുലരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒര്‍ലാന്‍ഡോ, ടാമ്പാ വിമാനത്താവളങ്ങളില്‍ നിന്നോ പുറത്തേക്കോ പറക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന യാത്രക്കാര്‍ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ നിര്‍ദേശം എത്തിയിട്ടുണ്ട്.
സരസോട്ട-ബ്രാഡന്റണ്‍ വിമാനത്താവളം ചൊവ്വാഴ്ച 4 മണിക്ക് അടയ്ക്കും. സെന്റ് പീറ്റ്-ക്ലിയര്‍വാട്ടര്‍ വിമാനത്താവളം ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെ അടയ്ക്കും. അതേസമയം, മയാമി എയര്‍പോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് വിമാനത്താവളവും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ബുധനാഴ്ച വരെ യാത്ര ചെയ്യുന്നവര്‍ അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് മുന്നറിയിപ്പുണ്ട്.
വെസ്റ്റ് പാം ബീച്ചിനും ഒര്‍ലാന്‍ഡോയ്ക്കുമിടയില്‍ സര്‍വീസ് നിര്‍ത്തുന്ന ബ്രൈറ്റ്ലൈന്‍ റെയില്‍വേ 9, 10 തീയതികളില്‍ കൊടുങ്കാറ്റ് കടന്നുപോയാല്‍ ട്രാക്കിന്റെ അവസ്ഥ വിലയിരുത്തിയ ശേഷം സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അറിയിച്ചു. അപ്ഡേറ്റുകള്‍ക്കായി ഇമെയിലുകള്‍ പരിശോധിക്കാനോ ബ്രൈറ്റ്ലൈനിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാനോ ട്രെയിന്‍ കമ്പനി യാത്രക്കാരോട് ആവശ്യപ്പെട്ടു.
യാത്രാ കപ്പലുകളും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. റോയല്‍ കരീബിയന്‍ ക്രൂയിസ് ലൈനിന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ നഥാനിയേല്‍ ഡെറന്‍ബാച്ചര്‍ പറയുന്നതനുസരിച്ച് ഒക്ടോബര്‍ 7ന് പുറപ്പെട്ട് കിഴക്കന്‍ കരീബിയന്‍ കപ്പല്‍യാത്ര നടത്തി ഒക്ടോബര്‍ 10ന് ബഹാമാസിലെ നസാവുവിലേക്ക് പോകുകയും മെക്സിക്കോയിലെ കോസ്റ്റ മായ, കോസുമെല്‍ എന്നിവിടങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.
ഹാര്‍മണി ഓഫ് ദി സീസ്, സിംഫണി ഓഫ് ദി സീസ്, വണ്ടര്‍ ഓഫ് ദി സീസ്, സെലിബ്രിറ്റി റിഫ്‌ളക്ഷന്‍, ഉട്ടോപ്യ ഓഫ് ദി സീസ്, കാര്‍ണിവല്‍ എന്നിവയെല്ലാം കപ്പല്‍ പാതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.