ഫ്‌ളോറിഡ: ബുധനാഴ്ച വൈകുന്നേരം ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കരതൊട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണം പത്തായി. ഇവരില്‍ അഞ്ചുപേര്‍ സെന്റ് ലൂസി കൗണ്ടിയില്‍ നിന്നുള്ളവരാണ്.
ഇപ്പോള്‍ രേഖപ്പെടുത്തിയതില്‍ അഞ്ചാമത്തെ ഏറ്റവും തീവ്രമായ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റാണ് മില്‍ട്ടന്‍. കൊടുങ്കാറ്റിന്റെ ഏറ്റവും വിനാശകരമായ ആഘാതങ്ങള്‍ 100 മൈലിലധികം അകലെ കിഴക്കന്‍ തീരമായ സെന്റ് ലൂസി കൗണ്ടിയില്‍ വളരെയധികം അനുഭവപ്പെട്ടു. കൊടുങ്കാറ്റിന്റെ ശക്തിയില്‍ 3.3 ദശലക്ഷത്തിലധികം വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍-മധ്യ മേഖലയിലാണ് വൈദ്യുതി തകരാറുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മില്‍ട്ടന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടം 30 ബില്യണ്‍ മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഒരു കൊടുങ്കാറ്റില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നാശനഷ്ടമാണ്.