255 കിമീ വേഗത, മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതിയിൽ ഫ്ലോറിഡ, 60 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, മുന്നൊരുക്കം വിലയിരുത്തി ബൈഡൻ

ഫ്ലോറിഡ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി പരത്തുന്ന അമേരിക്കയില്‍ 60 ലക്ഷം പേരെ കുടിയൊഴിപ്പിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മില്‍ട്ടണ്‍ കൊടുങ്കാറ്റ് ന്യൂ മെക്‌സിക്കോയും കടന്ന് ഫ്ലോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. മിൽട്ടനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രസിഡന്റ് ബൈഡനടക്കമുള്ളവർ വിലയിരുത്തിയിട്ടുണ്ട്.

ഫ്ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ പ്രവചിച്ചിരുന്നു. ഫ്ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കരകയറും എന്നാണ് പ്രവചനങ്ങള്‍. കാറ്റിനൊപ്പം അതിശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

അടുത്ത കാലത്തെ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളിൽ ഒന്നിനെ നേരിടാന്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്ലോറിഡയിൽ പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. ഇനി അധിക സമയം ഇല്ലെന്നും എത്രയും പെട്ടെന്ന് അവശേഷിക്കുന്നവരും ഒഴിഞ്ഞു പോകണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്‍റിസുമടക്കമുള്ളവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ ഫ്ലോറിഡയിൽ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഏറ്റവും മോശം കൊടുങ്കാറ്റായിരിക്കും ഇതെന്നാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്‍ പറഞ്ഞത്. കൊടുങ്കാറ്റിനുള്ളില്‍ നിന്നു തന്നെ അതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് നോവയിലെ ശാസ്ത്രജ്ഞർ. ബഹിരാകാശ നിലയത്തില്‍ നിന്നും കൊടുങ്കാറ്റിന്റെ ചിത്രങ്ങൾ പകർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദുരന്ത സാധ്യത പ്രദേശമായ ഫ്ലോറിഡയില്‍ നിന്നും പലായനം ചെയ്യുന്നവർ കടുത്ത ഇന്ധന ക്ഷാമം നേരിടുന്നുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഫ്ലോറിഡയിലെ പെട്രോൾ പമ്പുകളിൽ 17.4 ശതമാനത്തിലും ഇന്ധനം ലഭ്യമല്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.