‘ഫ്‌ളോറിഡ: ”ഇവിടെ പകല്‍ വെളിച്ചമാകുമ്പോള്‍ ഞങ്ങള്‍ എന്താണ് കാണാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല” റ്റാംപ സിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ഗൈഡോ മണിസ്‌കാല്‍കോയുടെ പ്രതികരണമാണിത്. അതിമാരകമായി ഫ്‌ളോറിഡയെ മുറിവേല്‍പ്പിച്ച മില്‍ട്ടന്‍ ചുഴലിക്കാറ്റിന്റെ പ്രത്യാഖാതം എങ്ങനെയെന്ന് അറിയണമെങ്കില്‍ ഈ രാത്രിയെ അതിജീവിച്ചേ മതിയാകു. കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. 20 ലക്ഷത്തിലധികം ആളുകള്‍ ഇരുളിലാണ്.
രാത്രി മുഴുവനും ശക്തമായ കാറ്റ് ഭയപ്പെടുത്തുന്നതായും, ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഓര്‍ത്ത് പ്രദേശം ഏറ്റവും വലിയ ആശങ്കയിലാണെന്നും അദ്ദേഹം പറയുന്നു. പകല്‍ വെളിച്ചം വീഴാന്‍ രക്ഷാ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും, ഭയന്നുവിറച്ച ജനങ്ങളും കാത്തിരിക്കുകയാണ്. ഷാര്‍ലറ്റ് കൗണ്ടിയിലെയും അടുത്തുള്ള എംഗിള്‍വുഡിലെയും ആശുപത്രികള്‍ കൊടുങ്കാറ്റിന് മുന്നോടിയായി അടച്ചെന്നും, 30 മൈലിനുള്ളില്‍ തുറന്നിരിക്കുന്ന ഒരു ആശുപത്രിയും ഇല്ലെന്നും റ്റാംപയില്‍ നിന്നും ചിലര്‍ പ്രതികരിച്ചു.