
ഷിക്കാഗോ: ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിക്ക് ചിക്കാഗോയിലെ വീടിന് സമീപം ആയുധധാരികളായ നാല് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. രക്തം വാർന്നൊഴുകുന്ന വിദ്യാർത്ഥി, മോഷ്ടാക്കൾ ചവിട്ടുകയും മർദിക്കുകയും ചെയ്തെന്നും തൻ്റെ ഫോൺ തട്ടിയെടുത്തതായും വീഡിയോയിൽ പറയുന്നു.
ഈ വർഷം അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിൽ ആക്രമണം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ ലങ്കാർ ഹൗസിൽ താമസിക്കുന്ന സയ്യിദ് മസാഹിർ അലി ഇന്ത്യാന വെസ്‌ലിയൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് യുഎസിൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ (സെൻട്രൽ സ്റ്റാൻഡേർഡ് സമയം) ഷിക്കാഗോയിലെ കാംബെൽ അവന്യൂവിലെ വീടിന് സമീപം മൂന്ന് അക്രമികൾ അലിയെ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നു.
വിഡിയോയിൽ അലിയുടെ നെറ്റിയിലൂടെയും മൂക്കിലൂടെയും വായിലൂടെയും രക്തം ഒലിച്ചിറങ്ങുന്നതായി കാണാം. “നാലുപേർ എന്നെ ആക്രമിച്ചു. ഞാൻ കയ്യിൽ ഒരു ഭക്ഷണപ്പൊതിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഞാൻ എൻ്റെ വീടിനടുത്ത് തെന്നിവീണു, നാല് പേർ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. എന്നെ സഹായിക്കൂ, ദയവായി എന്നെ സഹായിക്കൂ,” വിഡിയോയിൽ അദ്ദേഹം പറയുന്നു.