തൃശൂര്‍: യൂട്യൂബില്‍ നോക്കി ഹിപ്‌നോട്ടിസം പരീക്ഷിച്ച് വിദ്യാര്‍ത്ഥികള്‍. തൃശൂരിലാണ് പത്താം ക്ലാസുകാരന്‍ യൂട്യൂബ് കണ്ട് സഹപാഠികളില്‍ ഹിപ്‌നോട്ടിസം പരീക്ഷിച്ചത്.
സ്‌കൂള്‍ ഇടവേളയ്ക്കിടെ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടികള്‍ ‘ഹിപ്‌നോട്ടിസം’ സ്വയം പരീക്ഷിക്കുകയായിരുന്നു. പരമാവധി സമയം ശ്വാസം പുറത്തുവിടാതെ കുനിഞ്ഞുനില്‍ക്കുകയും പിന്നീട് കഴുത്തില്‍ ഇരുഭാഗത്തുമുള്ള ഞരമ്പുകളില്‍ മുറുക്കിപ്പിടിച്ചുമാണ് ഇവര്‍ പരീക്ഷണം നടത്തിയത്.
സഹപാഠിയുടെ വിദ്യ കണ്ടുനിന്ന മൂന്നുപേരാണ് ആദ്യം കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശ്വാസം പുറത്തുവിടാതെ സ്വയം കഴുത്ത് ഞെക്കിപ്പിടിച്ച മറ്റൊരു പെണ്‍കുട്ടിയും അബോധാവസ്ഥയിലായി. മാനസികസമ്മര്‍ദം താങ്ങാനാകാതെയാണ് കുട്ടികള്‍ കുഴഞ്ഞുവീണതെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.
ബോധരഹിതരായ വിദ്യാര്‍ഥികളെ വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ചായിരുന്നു ഹിപ്നോട്ടിസം നടത്തിയത്. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ബോധരഹിതരായി ആശുപത്രിയിലായത്.
അധ്യാപകര്‍ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു ക്ലാസ്മുറികളില്‍ സംഭവം നടന്നതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര പി.ടി.എ. യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.