‘ഓനെ ഗംഗാവലിപ്പുഴയിൽ ഉപേക്ഷിച്ച് പോകില്ല’; അർജുനായി 71 നാൾ മഴയും വെയിലും കൊണ്ട് മനാഫ്; മനുഷ്യത്വത്തിന്റെ പുതിയ ബെഞ്ച്മാർക്ക് എന്ന് കേരളം

മനാഫ് എന്ന വാക്കിനർത്ഥം ‘ഗ്രേറ്റ്’ എന്നാണ്. ഒരു മനുഷ്യന് എത്രത്തോളം ഗ്രേറ്റ് ആകാൻ കഴിയും എന്ന് കഴിഞ്ഞ 72 ദിവസം കൊണ്ട് ഗംഗാവലിപ്പുഴയുടെ തീരത്ത് ജീവിച്ചു കാണിച്ചു തരികയായിരുന്നു മനാഫ്. പറഞ്ഞുവരുന്നത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെക്കുറിച്ചാണ്. ‘ഞാൻ എന്റെ സഹോദരന് കാവൽക്കാരനാണോ’ എന്ന ബൈബിൾ ചോദ്യത്തിന്, ജീവിതംകൊണ്ട് ‘അതെ’ എന്ന് ഉത്തരം നൽകുകയാണ് മനാഫ്.

അർജുന്റെ മൃതദേഹം ഇന്നോ നാളെയോ കോഴിക്കോട്ടെ വീട്ടിലെത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ അർജുനെ ഗംഗാവലി പുഴക്ക് വിട്ടുനൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തിരിച്ച് എത്തിക്കുമെന്നും അർജുന്റെ അമ്മക്ക് മനാഫ് നൽകിയ വാക്ക് ഒടുവിൽ പാലിക്കപ്പെടുകയാണ്. അർജുൻ എവിടെ എന്നറിയാതെയുള്ള എണ്ണമറ്റ രാത്രികളിലും പകലുകളിലും ഉപേക്ഷിച്ച് പോരാൻ പലരും തയ്യാറായപ്പോഴും അർജുനെ കണ്ടുപിടിച്ചിട്ടു മാത്രമേ തിരിച്ചുള്ളൂ എന്ന് ഉറപ്പിച്ച് ഗംഗാവലിയുടെ തീരത്ത് കൂട്ടുകാരന് വേണ്ടി കാത്തിരുന്നത് മനാഫ് മാത്രമാണ്. 72ാം നാളാണ് പുഴയിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയത്. അത്രയും ദിവസം മഴയും വെയിലുമറിയാതെ മനാഫ് അവിടെയുണ്ടായിരുന്നു. ഒടുവിൽ ലോറി കണ്ടെത്തി എന്നറിഞ്ഞ നിമിഷം സകല നിയന്ത്രണവും നഷ്ടപ്പെട്ട് വിങ്ങിപ്പൊട്ടുന്ന മനാഫിനെ കണ്ട് മലയാളികൾ കൂടെ കരഞ്ഞു.

അർജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്നായിരുന്നു ആദ്യം മനാഫ് അച്ഛന് നൽകിയ വാക്ക്. അതിനാകില്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളിലൊന്നിൽ, അവനെ ഉപേക്ഷിച്ച് തിരിച്ചു പോരില്ലെന്ന് അമ്മയ്ക്കും വാക്കുനൽകി. ‘പലരും ഇട്ടേച്ച് പോയി. എനിക്ക് പോകാൻ മനസ്സ് വന്നില്ല. ഞാൻ ആദ്യമേ പറയുന്നുണ്ട്. വണ്ടിക്കുള്ളിൽ അവൻ ഉണ്ടെന്ന്. അത് ഇപ്പോ എന്തായാലും ശരിയായി. ഇനി ഇപ്പോ അവനെ എടുക്കും. അവന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ഉണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിക്കാൻ കഴിയുമല്ലോ…ഒരാൾ ഒരു കാര്യത്തിന് വേണ്ടി ഉറച്ച് നിന്നാൽ അത് സാധിക്കുമെന്നതിന്റെ തെളിവാണ് ഇത് . അവനെ ഈ ഗംഗാവലി പുഴയിൽ ഉപേക്ഷിച്ച് പോവാൻ തോന്നിയില്ല. ഒരു സാധാരണക്കാരൻ ചെയ്യാൻ പറ്റിന്നതെല്ലാം ഞങ്ങൾ ചെയ്തു.തോൽക്കാൻ മനസ്സില്ല. അവനെ കൊണ്ടുപോവൂ,” മനാഫ് പറഞ്ഞു.

തിരച്ചിലിന്റെ എല്ലാ ദിവസവും മനാഫ് ഷിരൂരില്‍ ഉണ്ടായിരുന്നു. തിരച്ചില്‍ വേഗത്തിലാക്കാന്‍ വാതിലുകളിലെല്ലാം മുട്ടിയ അദ്ദേഹം ലക്ഷ്യം കണ്ടാണ് ഇപ്പോള്‍ തിരിച്ചുവരുന്നത്. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനും വാഹനം കണ്ടെത്തുന്നത് വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു. എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹമെന്നും എല്ലാവര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും ജിതിന്‍ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം മാറ്റിനിർത്തുന്ന കെട്ടകാലത്ത്, മനുഷ്യനെന്ന വാക്കിന് പുതിയ അർത്ഥവും മാനവികതയ്ക്ക് പുതിയ ബെഞ്ച്മാർക്കുമാവുകയാണ് മനാഫ്.

More Stories from this section

family-dental
witywide