രാജ്ഭവനില്‍ ഞാന്‍ സുരക്ഷിതനല്ല : ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ താന്‍ സുരക്ഷിതനല്ലെന്ന് മലയാളിയായ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. നിലവില്‍ രാജ്ഭവനില്‍ കൊല്‍ക്കത്ത പൊലീസിന്റെ സാന്നിധ്യമുള്ളതിനാല്‍ തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവന്‍ പരിസരത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ഒഴിയാന്‍ ഉത്തരവിട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ആശങ്ക പങ്കുവെച്ച് എത്തുന്നത്. പൊലീസ് സംഘം ഒഴിയാതെ, ഇപ്പോഴും ഡ്യൂട്ടിയില്‍ തുടരുകയാണ്.

കഴിഞ്ഞദിവസം ഗവര്‍ണറെ സന്ദര്‍ശിക്കാനായെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഉത്തരവ് എത്തിയത്. രാജ്ഭവനിലെ പൊലീസ് ഔട്ട് പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കി അദ്ദേഹം ഉത്തരവിറക്കിയിരുന്നു.

നിലവിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും സാന്നിധ്യം തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിന് കാരണങ്ങളുണ്ടെന്നും ഗവര്‍ണര്‍ പിടിഐയോട് പറഞ്ഞു. അത് മാത്രമല്ല, രാജ്ഭവനില്‍ കൊല്‍ക്കത്ത പൊലീസില്‍ തനിക്ക് സുരക്ഷിതത്വമില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്കെതിരെ ആഴ്ചകള്‍ക്കു മുമ്പ് ലൈംഗിക പീഡന പരാതി ഉയര്‍ന്നിരുന്നു. രാജ്ഭവനിലെ ജീവനക്കാരിതന്നെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ആരോപണം ഗവര്‍ണര്‍ നിഷേധിച്ചിരുന്നു. തനിക്കെതിരായ പരാതി വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം സത്യം വിജയിക്കുമെന്നും പ്രചാരണം നടത്തുന്നവര്‍ തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരാണെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ പോരാട്ടം തടയാന്‍ അവര്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide