ഫിലാഡൽഫിയ: ശനിയാഴ്ച കൺസർവേറ്റീവ് ക്രിസ്ത്യൻ പ്രവർത്തകരോട് നടത്തിയ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ് മതപരമായ അനുഭാവികളോട് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ ഗ്രൂപ്പിൻ്റെ കേന്ദ്ര പ്രാധാന്യമുള്ള വിഷയമായ ഗർഭച്ഛിദ്രത്തെക്കുറിച്ച് ഹ്രസ്വമായി മാത്രമേ ട്രംപ് പരാമർശിച്ചുള്ളൂ.
വാഷിംഗ്ടണിൽ ഫെയ്ത്ത് ആൻഡ് ഫ്രീഡം കോളിഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ, ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ സംസ്ഥാനാടിസ്ഥാനത്തിൽ വോട്ടർമാർ തീരുമാനിക്കണമെന്ന തൻ്റെ നിലപാട് മുൻ പ്രസിഡൻ്റ് ആവർത്തിച്ചു.
എന്നാൽ ഈ നിലപാട് ഒട്ടുമിക്ക കൺസർവേറ്റീവ് ക്രിസ്ത്യാനികളുടെ വീക്ഷണത്തിന് വിരുദ്ധമാണ്. വിഷയത്തിൽ അധിക ഫെഡറൽ നിയന്ത്രണങ്ങൾക്കായി പ്രേരിപ്പിക്കുന്നതിനു വേണ്ടിയുള്ള കൂടുതൽ ചർച്ചകൾക്കുള്ള ട്രംപിൻ്റെ വിമുഖത, റിപ്പബ്ലിക്കൻമാരെ സംബന്ധിച്ചിടത്തോളം വിഷയം എത്രത്തോളം സെൻസിറ്റീവ് ആയിത്തീർന്നിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്.
ഗർഭച്ഛിദ്രാവകാശത്തിൻ്റെ കാര്യത്തിൽ വളരെ കർക്കശമായ നിലപാട് സ്വീകരിച്ചാൽ തിരഞ്ഞെടുപ്പ് പരാജയത്തിന് സാധ്യതയുണ്ടെന്ന് ട്രംപ് റിപ്പബ്ലിക്കൻമാരോട് ആവർത്തിച്ച് പറഞ്ഞിരുന്നു. 2022 ലെ കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് ആ വർഷത്തെ സുപ്രീം കോടതിയുടെ ഡോബ്സ് വിധി കാരണമായി പറയപ്പെടുന്നു.
“ഞങ്ങൾ ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് ഗർഭച്ഛിദ്രത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഫെഡറൽ ഗവൺമെന്റിൽ നിന്ന് സംസ്ഥാനങ്ങളുടെ കയ്യിലെത്തിച്ചു. ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്, അങ്ങനെയായിരിക്കണം,” ട്രംപ് പറഞ്ഞു.
“റൊണാൾഡ് റീഗനെപ്പോലെ, അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. ബലാത്സംഗം പോലുള്ള വിഷയങ്ങളിൽ നിങ്ങൾ നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കണം. നിങ്ങൾ തിരഞ്ഞെടുക്കപ്പെടണമെന്ന് കാര്യം കൂടി ഓർക്കണം,” ട്രംപ് പറഞ്ഞു.
ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ട്രംപിൻ്റെ അഭിപ്രായത്തിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ആൾക്കൂട്ടത്തിലെ ചിലർ “മരിച്ച കുഞ്ഞുങ്ങളൊന്നും വേണ്ട!” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.