യുഎസില്‍ ഇനി എനിക്ക് ഭാവിയില്ല, ട്രംപിന്റെ വിജയത്തിനു പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വിജയിച്ചതിനു പിന്നാലെ യുഎസില്‍ ഇനി തനിക്ക് നല്ലൊരു ഭാവിയുണ്ടാകില്ലെന്ന് നിരാശ പങ്കുവെച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ വിവിയന്‍ വില്‍സണ്‍. 2022 മുതല്‍ പിതാവുമായി അകന്നു കഴിയുന്ന വിവിയന്‍ യുഎസ് വിടാനുള്ള ആഗ്രഹംകൂടിയാണ് വെളിപ്പെടുത്തിയത്.

താന്‍ ഇക്കാര്യത്തെക്കുറിച്ച് നന്നായി ആലോചിച്ചുവെന്നും ഒടുവില്‍ ‘എന്റെ ഭാവി അമേരിക്കയിലാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും വിവിയന്‍ വ്യക്തമാക്കി.

അതേസമയം, മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാകുന്നതിനോട് ഇനിയും മസ്‌ക് പൊരുത്തപ്പെട്ടിട്ടില്ല. പലപ്പോഴും മകന്‍ എന്നുതന്നെയാണ് മസ്‌ക് വിവിയനെ അഭിസംബോധന ചെയ്യാറ്. 2022 ലാണ് വിവിയന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്.

ട്രംപിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു മസ്‌കും. ട്രംപിന്റെ വിജയത്തിന്റെ കാരണക്കാരില്‍ ഒരാളും മസ്‌ക് ആണെന്ന് വേണമെങ്കില്‍ പറയാം. ട്രംപ് കുടുംബത്തില്‍ ഒരാളെപ്പോലെയാണ് മസ്‌ക് ഇപ്പോള്‍. അതിനിടെയാണ് യു.എസില്‍ തനിക്ക് ഇനി ഭാവിയില്ലെന്ന് വിവിയന്റെ അഭിപ്രായമെത്തുന്നത്.