അമേരിക്കയിൽ നടത്തിയ സിഖ് വിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി; ഇനിയും ശബ്ദമുയര്‍ത്തുമെന്ന് രാഹുലിന്‍റെ മറുപടി

ഡൽഹി: അമേരിക്കയിൽ നടത്തിയ സിഖ് പരാമർശങ്ങൾ പിൻവലിക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം തള്ളിക്കളഞ്ഞ് രാഹുൽ ഗാന്ധി രംഗത്ത്. ബി ജെ പി നേതാക്കൾ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി, താൻ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോയെന്ന് ചോദിച്ചു. ഇന്ത്യൻ മൂല്യങ്ങള്‍ക്കായി ഇനിയും ശബ്ദമുയര്‍ത്തുമെന്നും രാഹുൽ പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ ഭീഷണി പ്രസ്താവനകള്‍ തുടരുന്നതിനിടെയാണ് നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഓരോ സിഖുകാരനും അവരുടെ മതം ഭയമില്ലാതെ പിന്തുടരാന്‍ കഴിയുന്ന രാജ്യമാകണ്ടേ ഇന്ത്യയെന്ന് സമൂഹമാധ്യമ പോസ്റ്റില്‍ രാഹുല്‍ ചോദിച്ചു. സത്യം പറയുമ്പോള്‍ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ കള്ളപ്രചാരണം നടത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ബി.ജെ.പി നേതാക്കളുടെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബി.ജെ.പിയുടെ പരാതിയില്‍ ഡൽഹി സിവിൽ ലൈൻസ്, യു പി സിഗ്ര പൊലീസ് സ്റ്റേഷനുകളിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. രാഹുല്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ബി.ജെ.പി അനുകൂല സിഖ് സംഘടനകള്‍ ആവശ്യപ്പെട്ടു.