തിരുവനന്തപുരം: കേരളത്തിൽ ഹിന്ദു ഐ ഐ എസ് ഉദ്യോഗസ്ഥർക്ക് മാത്രമായി വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിൽ വിവാദം കനക്കുന്നു. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായുള്ള ഗ്രൂപ്പാണ് വിവാദത്തിലായത്. വിവാദം കനത്തതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്‍റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നുമാണ് സംഭവത്തെക്കുറിച്ച് കെ ഗോപാലകൃഷ്ണൻ ഐ എ എസ് പറയുന്നത്.
ഐ എ എസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഈ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്.സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെ അംഗങ്ങളാക്കിക്കൊണ്ടാണ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്‍റെ ആശങ്ക പങ്കുവച്ചു. പിന്നാലെ ഇവർ ഗോപാലകൃഷ്ണൻ ഐ എ എസിനെ ബന്ധപ്പെട്ടതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണൻറ സന്ദേശമെത്തി. ഫോൺ ആരോ ഹാക്ക് ചെയ്തെന്നും ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം.
അതേ സമയം ഗ്രൂപ്പിന്‍റെ പേരിൽ ഉയരുന്നത് പല ചോദ്യങ്ങളാണ്. മല്ലു ഹിന്ദു ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥർ മാത്രമായതും സംശയങ്ങൾക്ക് കാരണമാണ്. ഹാക്കിംഗ് ആണ് നടന്നതെങ്കിൽ അതും അതീവ ഗുരുതരമാണ്. ഉന്നത ഉദ്യോഗസ്ഥന്‍റെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധഉണ്ടാക്കും വിധത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണം. സൈബർ പൊലീസ് അന്വേഷണത്തിൽ വസ്തുത പുറത്തുവരുമെന്നാണ് പ്രതീക്ഷ.