
സെന്റ് ലൂസിയ: ആവേശകരമായ പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയൻ ടീമിനെ 24 റണ്‍സിന് പരാജയപ്പെടുത്തി ടി20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍. മത്സരം അവസാനിക്കും മുമ്പു തന്നെ ഇന്ത്യ സെമി ഉറപ്പാക്കിയിരുന്നു. നെറ്റ് റണ്‍റേറ്റില്‍ ഓസീസിന് ഇന്ത്യയെ മറികടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണിത്. 15.2 ഓവറില്‍ വിജയലക്ഷ്യത്തിലെത്തണമെന്ന ടാര്‍ഗറ്റ് നേടുന്നതില്‍ ഓസീസ് പരാജയപ്പെടുകയായിരുന്നു.
ഹെഡിന്റെ ചുമലേറി ഇത്തവണയും വിജയ കിരീടമണിയാമെന്ന കംഗാരുപ്പടയുടെ മോഹത്തിനാണ് ഇന്ത്യൻ ബൗളർമാർ തകർപ്പൻ മറുപടി നൽകിയത്. 206 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന് നിശ്ചിത ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. നായകന്‍ രോഹിത് ശര്‍മ 41 പന്തില്‍ വാരിക്കൂട്ടിയ 92 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് ചവിട്ടുപടിയായത്.
കളത്തിൽ കാലുറപ്പിച്ച് നിന്ന് ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ഓസ്ട്രേലിയയെ വിജയത്തിലേത്തിച്ചേക്കുമെന്ന് ഒരുഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, നിര്‍ണായക ഘട്ടത്തില്‍ ഹെഡിനെ ഗ്യാലറി കയറ്റി ജസ്പ്രിത് ബുംറ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. കംഗാരുപ്പടയുടെ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ച ഹെഡ് 43 പന്തില്‍ 76 റണ്‍സാണ് അടിച്ചെടുത്തത്. 28 പന്തില്‍ 37ല്‍ എത്തിയ ക്യാപ്റ്റന്‍ മിഷേല്‍ മാര്‍ഷും 12 പന്തില്‍ 20 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെലും മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ടിം ഡേവിഡ് 11 പന്തില്‍ 15 റണ്‍സ് നേടി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേലിയൻ ബോളർമാരെ മൈതാനത്തിന്റെ തലങ്ങും വിലങ്ങുമിട്ടോടിക്കുന്ന വെടിക്കെട്ട് ബാറ്റിംഗാണ് രോഹിത് ശര്‍മ ഇന്ത്യക്കായി കാഴ്ചവച്ചത്. രോഹിതിന്റെ കരുത്തുറ്റ ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും ഏഴ് ഫോറും ബൌണ്ടറി കടന്ന് കുതിച്ചു. എന്നാല്‍ വിരാട് കോലി വീണ്ടും ബാറ്റിംഗില്‍ പരാജയമായി. അഞ്ച് പന്ത് നേരിട്ട കോലി സ്‌കോര്‍ ബോര്‍ഡ് തുറക്കാനാകാതെ മടങ്ങി. സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 31), ശിവം ദുബെ (22ല്‍ 28), ഹാര്‍ദിക് പാണ്ഡെ (17ല്‍ 27) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഋഷഭ് പന്ത് 14 പന്തില്‍ 15 റണ്‍സെടുത്തു. മിഷേല്‍ സ്റ്റാര്‍ക് (രണ്ട്), മാര്‍കസ് സ്റ്റോയിനിസ് (രണ്ട്), ജോഷ് ഹാസല്‍വുഡ് എന്നിവരാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്.
ഇനി ജൂണ്‍ 27ന് ഗയാനയില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഇന്ത്യയുടെ പുലിക്കുട്ടികൾ നേരിടും. ടി20 ലോകകപ്പില്‍ ഇത് അഞ്ചാം തവണയാണ് ഇന്ത്യ സെമിയില്‍ ഇടം നേടുന്നത്. ഈ ലോകകപ്പില്‍ ആറ് വിജയവുമായിഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സെമി പ്രവേശം. ഇന്ത്യയുടെ നീലപ്പടയോട് പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയുടെ സെമി സാധ്യതയ്കക്ക് മങ്ങലേറ്റു. ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ഓസ്ട്രേലിയ പുറത്താകും.