ഗയാന: ഇന്ത്യ – ഇംഗ്ലണ്ട് ടി20 ലോകകപ്പ് രണ്ടാം സെമിഫൈനല്‍ മത്സരം തടസപ്പെടുത്തി മഴ. എട്ട് ഓവറില്‍ ഇന്ത്യ രണ്ടിന് 65 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴകനത്തതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയെങ്കിലും ആരംഭം തന്നെ പതർച്ചയിലായിരുന്നു.
ഒമ്പത് പന്തുകളിൽ ഒമ്പതു റണ്‍സെടുത്ത കോഹ്ലിയെ പേസർ റീസ് ടോപ്‍ലി ബോൾഡാക്കി. നാലു റൺസെടുത്ത ഋഷഭ് പന്ത് സാം കറണിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. നായകൻ രോഹിത് ശർമയും (26 പന്തിൽ 37) സൂര്യകുമാർ യാദവുമാണ് (ഏഴ് പന്തിൽ 13 ) ക്രീസിൽ.
നേരത്തേ ഇന്ത്യന്‍ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം വൈകുകയായിരുന്നു. എങ്കിലും മഴയുടെ ഭീഷണി പൂര്‍ണമായും വിട്ടിട്ടില്ല.