ഗാസയിലെ ഇസ്രയേൽ സൈനിക നടപടി തടയാതെ അന്താരാഷ്ട്ര കോടതി വിധി; പലസ്തീനിൽ വംശഹത്യ തടയണമെന്ന് ഇസ്രയേലിനു നിർദേശം

ഹേഗ്‌ : ഇസ്രയേൽ സർക്കാർ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന്‌ ആരോപിച്ച്‌ ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ താൽക്കാലിക വിധി. പലസ്തീനിലെ വംശഹത്യ തടയാൻ ഇസ്രയേൽ എല്ലാ നടപടികളും സ്വീകരിക്കാൻ ഉത്തരവിട്ട കോടതി പക്ഷേ പലസ്തീനിലെ ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടില്ല.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലെ ഹമാസ് ആക്രമണം പരാമര്‍ശിച്ചാണ് അന്താരാഷ്ട്ര കോടതിയുടെ പ്രസിഡന്റായ ജഡ്ജി ജോവാൻ ഡോണോഗ് വിധി പ്രസ്താവിച്ചത്. കേസില്‍ ഉത്തരവിടാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ കോടതി ഗാസ മുനമ്പിലെ വംശഹത്യ തടയണമെന്നും അതിന് പ്രേരിപ്പിച്ചവരെ ശിക്ഷിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിലെ വംശഹത്യ തടയാന്‍ ഇസ്രയേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുനമ്പിലേക്ക് മാനുഷിക സഹായമെത്തിക്കുവാനും പലസ്തീനികളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ സൈന്യം വംശഹത്യ നടത്തുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കണം. ഗാസ മുനമ്പിൽ മനുഷ്യത്വപരമായ സഹായം എത്തിക്കാൻ ഇസ്രായേൽ അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

”വംശഹത്യയില്‍ നിന്നും രക്ഷനേടാനുള്ള പലസ്തീനിന്റെ അവകാശത്തെ അംഗീകരിക്കുന്നു. ഇസ്രയേലിന്റെ സൈനിക ആക്രമണം നിരവധിപ്പേരെ കൊലപ്പെടുത്തി. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ നശിച്ചു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലേക്ക് നയിച്ചു. പ്രദേശത്ത് നടക്കുന്ന മാനുഷിക ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് നന്നായി അറിയാം. ഗാസയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളില്‍ ഉത്കണ്ഠയുണ്ട്,” കോടതി പറയുന്നു. ഐക്യരാഷ്ട്ര സഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഗാസ മരണത്തിന്റെയും നിരാശയുടെയും സ്ഥലമായി മാറിയെന്നും ജോണ്‍ ഡോണോഗ് പരാമര്‍ശിച്ചു.

പലസ്തീനികൾക്കെതിരെ ഇസ്രയേൽ ഉപയോഗിക്കുന്നത് അതി നീചമായ ഭാഷയാണെന്നും മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരുടെ നിരവധി പ്രസ്താവനകൾ കോടതി ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഐസിജെ പ്രസിഡൻ്റ് പറഞ്ഞു.

ഗാസയെ “സമ്പൂർണമായി തുടച്ചുനീക്കാൻ” ഉത്തരവിടുകയും അവർ “മനുഷ്യ മൃഗങ്ങൾ”ക്കെതിരെയാണ് പോരാടുന്നതെന്ന് സൈനികരോട് പറയുകയും ചെയ്ത ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിൻ്റെ പ്രസ്താവനകൾ കോടതി പരാമർശിച്ചു. ഹേഗിലെ പീസ്‌ പാലസിൽ വെള്ളിയാഴ്ച പകൽ ഒന്നിന്‌ നടക്കുന്ന പൊതുവിചാരണയിലാണ്‌ ഇടക്കാല വിധിപ്രസ്താവം.

അതേസമയം, ഒരു രാജ്യവും നിയമങ്ങള്‍ക്ക് മുകളിലല്ലെന്ന ഓര്‍മപ്പെടുത്തലാണ് വിധിയെന്നും, സ്വാഗതം ചെയ്യുന്നുവെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രയേൽ ഗാസയില്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ തുറന്ന് കാട്ടുന്നതാണ് കോടതിയുടെ ഉത്തരവെന്ന് ഹമാസ് പ്രതിനിധി സമി അബു സുഹ്രി പ്രതികരിച്ചു.

അന്താരാഷ്ട്ര നിയമത്തിന്റെ നിര്‍ണായക വിജയമാണിതെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ പ്രതികരണം. പെട്ടെന്നുള്ള വിധിക്ക് കോടതിക്ക് നന്ദി പറഞ്ഞ ദക്ഷിണാഫ്രിക്ക താല്‍ക്കാലിക നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും ഉത്തരവിനെതിരെ ഇസ്രയേല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

ICJ first ruling on South Africa genocide case against Israel in Gaza

More Stories from this section

family-dental
witywide