ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പല്‍ ഐക്കണ്‍ ഓഫ് ദി സീസിന്റെ കന്നിയാത്രയില്‍ ദുരന്തം, യാത്രക്കാരന്‍ കടലില്‍ ചാടി മരിച്ചു

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പലായ ഐക്കണ്‍ ഓഫ് ദി സീസിന്റെ കന്നി യാത്ര വളരെ കൊട്ടിഘോഷിച്ച് നടത്തിയ ഒന്നായിരുന്നു. ഏറ്റവും ആസ്വാദ്യകരമായ കന്നി കടല്‍ യാത്രയ്ക്കായി ബുക്ക് ചെയ്തത് നിരവധിപേരായിരുന്നു. എന്നാല്‍ കപ്പലിന്റെ കന്നിയാത്രിയില്‍ത്തന്നെ ഒരു ദുരന്തം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കപ്പലില്‍ നിന്നും കടലില്‍ച്ചാടി ഒരു യാത്രികന്‍ മരിച്ചു.

കപ്പല്‍ ഒരാഴ്ച നീണ്ട കരീബിയന്‍ സാഹസിക യാത്രയ്ക്കായി ഫ്‌ലോറിഡയില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഞായറാഴ്ച രാവിലെയാണ് ഒരു യാത്രക്കാരന്‍ കടലില്‍ ചാടിയത്. മരിച്ച ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പോര്‍ട്ട് മയാമിയില്‍ നിന്ന് ഏകദേശം 300 മൈല്‍ അകലെയാണ് സംഭവം നടന്നതെന്ന് ക്രൂസ്‌ഹൈവ് പറയുന്നു. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കപ്പലിലെ റസ്‌ക്യൂ ബോട്ടുകളിലൊന്നിന്റെ സഹായത്തോടെ കടലില്‍ ചാടിയ യാത്രക്കാരനെ കണ്ടെത്തി തിരികെ കപ്പലില്‍ കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും കോസ്റ്റ് ഗാര്‍ഡിനെ കപ്പല്‍ക്രൂ സഹായിച്ചപ്പോള്‍ ഐക്കണ്‍ ഓഫ് ദി സീസ് അതിന്റെ യാത്ര രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. കപ്പലിലുള്ള അതിഥികള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

റോയല്‍ കരീബിയന്‍ ഐക്കണ്‍ ഓഫ് ദി സീസിന് 1,200 അടി നീളമുണ്ട്. ഐഫല്‍ ടവറിനേക്കാള്‍ നീളമുണ്ട് കപ്പലിനെന്നാണ് പറയപ്പെടുന്നത്. മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടുകളേക്കാള്‍ വലിപ്പവും. 20 ഡെക്കുകളിലുള്ള ഈ കപ്പലില്‍ 7600 യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 10,000-ത്തോളം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.

More Stories from this section

family-dental
witywide