ഇന്ത്യയ്ക്കു മുന്നിൽ പാക് സൈന്യത്തിന്റെ കീഴടങ്ങൽ; ബംഗ്ലാദേശിലെ ചരിത്ര പ്രതിമ തകർത്തു

ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചനത്തിൻ്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധർ നശിപ്പിച്ചതായി കോൺഗ്രസ് നേതാവ് ശശി തരൂർ. 1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന തകർന്ന പ്രതിമയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ പ്രതികരണം.

“ബംഗ്ലാദേശ് വിമോചനത്തിന്‍റെ സ്മരണകൾ തകർക്കപ്പെട്ടനിലയിൽ കാണുന്നതിൽ വിഷമമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾക്കും ക്ഷേത്രങ്ങൾക്കും ഹിന്ദു വിഭാ​ഗത്തിൽപ്പെട്ടവരുടെ വീടുകൾക്കും എതിരായ ആക്രമണങ്ങളുടെ തുടർച്ചയാണിതും. മുസ്ലിം വിഭാ​ഗത്തിൽപ്പെട്ട സാധാരണക്കാർ ന്യൂനപക്ഷ ഭവനങ്ങളേയും ആരാധനാലയങ്ങളേയും സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇത്തരം ആക്രമണങ്ങളുമുണ്ടാകുന്നത്. ഈ പ്രക്ഷുഭ്ധമായ കാലത്ത് ബം​ഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ. എന്നാൽ, ഇത്തരം അരാജകത്വം അം​ഗീകരിക്കാനാവില്ല,” തരൂർ എക്സിൽ കുറിച്ചു.

ബം​ഗ്ലാദേശിന്റെ വിമോചനത്തിനുമപ്പുറം പാകിസ്ഥാനേറ്റ കനത്ത തിരിച്ചടി കൂടിയായിരുന്നു 1971-ലെ യുദ്ധം. പാകിസ്ഥാൻ സേനയുടെ മേജർ ജനറലായ അമീർ അബ്ദുള്ള ഖാൻ നിയാസി 93,000 സൈനികരുമായി ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിന്റെ ചിത്രീകരണമായ പ്രതിമകളാണ് ഇപ്പോൾ തകർക്കപ്പെട്ടിരുന്നത്.

അതേസമയം, നിലവിൽ ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും രാജിയിലേക്ക് നയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 5 നാണ് ഹസീന രാജിവച്ചത്. ഒരു മാസത്തിലേറെയായി തുടരുന്ന പ്രതിഷേധത്തിൽ ഇതുവരെ 450 പേർ കൊല്ലപ്പെട്ടു.

More Stories from this section

family-dental
witywide