ഇടുക്കി: കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സകല എതിര്‍പ്പുകളും കാറ്റില്‍പ്പറത്തി ദൂരദര്‍ശന്‍ കേരളസ്റ്റോറി പ്രദര്‍ശിപ്പിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടും വിവിധ യുവജന പ്രസ്ഥാനങ്ങള്‍ അടക്കം പ്രതിഷേധിച്ചിട്ടും തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകാത്ത ദൂരദര്‍ശന്‍ ചിത്രം പ്രദര്‍ശിപ്പിച്ചത് വീണ്ടും ചര്‍ച്ചയും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
എന്നാല്‍ ദൂരദര്‍ശന്‍ സിനിമ പ്രദര്‍ശിപ്പിക്കുംമുമ്പ് സമാന നീക്കവുമായി ഇടുക്കി രൂപതയും മുന്നോട്ടു വന്നിരുന്നു. ഇടുക്കി രൂപതയിലെ പള്ളികളില്‍ വിശ്വാസോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ നാല് വ്യാഴാഴ്ചയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു പ്രദര്‍ശനം.
എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നും ഇടുക്കി രൂപത വിശദീകരണവും നല്‍കി. ബോധവത്കരണം എന്ന നിലയില്‍ക്കൂടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും രൂപത വ്യക്തമാക്കുന്നു. മാത്രമല്ല, വിവാദമായത് കൊണ്ടല്ല ഈ സിനിമ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തതെന്നും വിശദീകരണം നടത്തി.