
ന്യൂയോര്‍ക്ക്: കൈക്കൂലി കേസില്‍ പ്രതിയായ അദാനി ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വരനുമായ ഗൗതം അദാനിയെയും മറ്റ് ഏഴ് പേരെയും അമേരിക്ക ആവശ്യപ്പെട്ടാൽ കൈമാറേണ്ടി വരുമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര. അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസിന് അധികാരമുണ്ട്. ഇവര്‍ താമസിക്കുന്നത് എവിടെയാണോ അവിടെ അറസ്റ്റ് വാറന്റ് നല്‍കുന്നതിനും യുഎസ് അറ്റോര്‍ണിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കേസില്‍ അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റ് ജോ ബൈഡന്റെ അറിവോടെയെന്നും അദാനിക്കെതിരായ വാറണ്ടിനെക്കുറിച്ച് അറിയാമെന്നും സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിയാണ് ഇക്കാര്യം സമ്മതിച്ചത്.
നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്ന് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചെയ്ഞ്ച് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അദാനിയെ കൈമാറാന്‍ അമേരിക്ക ആവശ്യപ്പെട്ടാലും അത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധിയടക്കം അദാനിയുടെ അറസ്റ്റ് എത്രയും വേഗം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കയുടെ കുറ്റപത്രത്തെ അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ടെങ്കിലും കേസിനെ തുടര്‍ന്ന് അദാനി ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞിട്ടുണ്ട്.
If America wanted, India should hand over Adani, says attorney