ചില അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ ‘ഉയര്‍ന്ന താരിഫ്’ ന് പ്രതികാരമായി പരസ്പരം താരിഫ് ചുമത്താനാണ് നീക്കമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
‘ഇന്ത്യ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍, ഞങ്ങള്‍ അവര്‍ക്ക് അതേ തുക നികുതി ചുമത്തും. അവര്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തുന്നു. ഞങ്ങള്‍ അവര്‍ക്ക് നികുതി ചുമത്തുന്നു. മിക്കവാറും എല്ലാ ഉത്പന്നങ്ങളിലും അവര്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തുകയാണ്, ഞങ്ങള്‍ അവര്‍ക്ക് നികുതി ചുമത്തിയിട്ടില്ലെന്നും ഇനി ചുമത്തുമെന്നും’ ട്രംപ് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ബ്രസീലും ഉള്‍പ്പെടുന്നുവെന്നായിരുന്നു ട്രംപ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയും ബ്രസീലും വലിയ തുക നികുതി ഇനത്തില്‍ ഈടാക്കുന്നുവെന്നും അവര്‍ ഞങ്ങളോട് പണം ഈടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് കൊള്ളാം, പക്ഷേ ഞങ്ങള്‍ അവരില്‍ നിന്നും അതേ തുക ഈടാക്കാന്‍ പോകുന്നു എന്നും’ ട്രംപ് മാര്‍-എ-ലാഗോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘നിങ്ങള്‍ ഞങ്ങളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെ ഞങ്ങള്‍ തിരിച്ചുപെരുമാറുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കണം,’ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി, ട്രംപിന്റെ കൊമേഴ്സ് സെക്രട്ടറി പിക്ക് ഹോവാര്‍ഡ് ലുട്നിക്കും വ്യക്തമാക്കിയിരുന്നു.