‘നിങ്ങളെ ഞങ്ങൾക്ക് വേണ്ട’; കുടിയേറ്റക്കാർക്കെതിരെ വീണ്ടും ട്രംപ്, യാത്രാവിലക്ക് പുനസ്ഥാപിക്കും

ന്യൂഹാംഷെയർ: താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ കുടിയേറ്റക്കാർക്കായി “പ്രത്യയശാസ്ത്രപരമായ സ്ക്രീനിംഗ്” നടപ്പിലാക്കുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “എല്ലാ കുടിയേറ്റക്കാരെയും കർശനമായ പ്രത്യയശാസ്ത്ര പരിശോധനക്ക് വിധേയമാക്കും,” ഈ ആഴ്ച ആദ്യം ന്യൂ ഹാംഷെയറിലെ ഡെറിയിൽ നടന്ന പ്രചാരണ റാലിയിൽ ട്രംപ് പറഞ്ഞു.

“നിങ്ങൾ അമേരിക്കയെ വെറുക്കുന്നുവെങ്കിൽ, ഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെങ്കിൽ, ഞങ്ങളുടെ മതം നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, നിങ്ങൾ ജിഹാദികളോട് സഹതപിക്കുന്നുവെങ്കിൽ, നിങ്ങളെ ഞങ്ങളുടെ രാജ്യത്ത് ആവശ്യമില്ല. നിങ്ങൾക്ക് പ്രവേശനമില്ല,”അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന് കീഴിൽ ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ യുഎസിലേക്ക് കടന്നതായി ട്രംപ് ആരോപിച്ചു. ഇത് നിയന്ത്രിക്കാൻ ഭരണകൂടത്തിന് പ്രാപ്തിയില്ലെന്ന് ട്രംപ് വിമർശിച്ചു. അവരെ നാടുകടത്താനുള്ള തന്റെ പദ്ധതികളെക്കുറിച്ച് ട്രംപ് വീണ്ടും സംസാരിച്ചു.

“ഞങ്ങൾ മാലിന്യം തള്ളുന്ന നിലം പോലെയാണ്, ആരും അതിനെക്കുറിച്ച് ഒന്നും ചെയ്യുന്നില്ല. പക്ഷേ ഞങ്ങൾ അവരെ ഇവിടെ നിന്ന് പുറത്താക്കാൻ പോകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.