‘രാമായണത്തെ അവഹേളിച്ചു’; നാടകം കളിച്ച എട്ട് ഐഐടി വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ വീതം പിഴ

മുംബൈ: രാമായണ നാടകത്തിൽ അപകീർത്തിപ്രകരമായി ചിത്രീകരിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഐഐടി-ബോംബെ ഇൻസ്റ്റിറ്റ്യൂട്ടിലെ എട്ട് വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ വീതം പിഴ ചുമത്തി. മാർച്ച് 31-ന് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആർട്‌സ് ഫെസ്റ്റിവലിൽ രാഹോവൻ എന്ന നാടകം അവതരിപ്പിച്ചതിനാണ് പിഴ.

രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നാടകം, പ്രധാന കഥാപാത്രങ്ങളെ അപമാനകരമായ രീതിയിൽ ചിത്രീകരിച്ചുവെന്ന് ഒരുവിഭാ​ഗം വിദ്യാർഥികൾ പിഴ ചുമത്തി. ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ വീതം പിഴയും ജൂനിയർ വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതം പിഴയും നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇവരെ ഹോസ്റ്റൽ സൗകര്യങ്ങളിൽ നിന്ന് ഡീബാർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പരാതികളെത്തുടർന്ന് അച്ചടക്ക നടപടി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് നടപടി സ്വീകരിച്ചത്. നാടകത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. കാമ്പസിലെ ഓപ്പൺ എയർ തിയേറ്ററിലാണ് നാടകം അവതരിപ്പിച്ചത്. നാടകം പല തരത്തിൽ അപമാനകരമാണെന്നും ഫെമിനിസം അവതരിപ്പിക്കുന്നതിന്റെ പേരിൽ വിദ്യാർത്ഥികൾ സംസ്കാരത്തെ പരിഹസിച്ചുവെന്നും ആരോപണമുയർന്നു.

വിദ്യാർഥികൾ തങ്ങളുടെ അക്കാദമിക് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നും ഭാവിയിൽ കാമ്പസിൽ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ ഒരു മതത്തെയും പരിഹസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും അഭിപ്രായമുയർന്നു.

അതേസമയം, ഗോത്ര സമൂഹത്തിന്റെ ഫെമിനിസ്റ്റ് ധാരയാണ് നാടകമെന്നും പ്രേക്ഷകരും വിധികർത്താക്കളും നന്നായി സ്വീകരിച്ചുവെന്നും ഒരു വിദ്യാർത്ഥി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും, നടപടിയെക്കുറിച്ചുള്ള രഹസ്യ രേഖ എങ്ങനെ സോഷ്യൽ മീഡിയയിൽ ചോർന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിക്കണമെന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.

IIT-Bombay fines eight students up to Rs 1.2 lakh each over controversial Play about Ramayana