ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനു അകത്ത് കയറി സംഗീതജ്ഞൻ ഇളയരാജ. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ ശ്രീകോവിലിൽ നിന്ന് ഇളയരാജയെ തിരിച്ച് ഇറക്കി. ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലിൽ ഭക്തർക്ക് പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു. ആചാര ലംഘനം ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്. ശ്രീകോവിലിന്റെ പുറത്ത് വച്ച് ഇളയരാജയെ പൂജാരിമാർ ആദരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിറയുന്നത്. സാധാരണയായി ശ്രീകോവിലില്‍ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്ന ആക്ഷേപവും ശക്തമാണ്.