
ഇസ്ലാമാബാദ്: തന്റെ ഭാര്യ ബുഷ്റ ബീബിക്ക് ‘ടോയ്ലറ്റ് ക്ലീനര്‍’ ചേര്‍ത്ത ഭക്ഷണം നല്‍കിയെന്ന് ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് വയറ്റില്‍ അണുബാധ ഉണ്ടായതായും ഭാര്യയുടെ ആരോഗ്യം വഷളായതായും അദ്ദേഹം അവകാശപ്പെട്ടു.
റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ അഴിമതിക്കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) തലവന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ ആരോപണം ഉന്നയിച്ചത്. ദി എക്സ്പ്രസ് ട്രിബ്യൂണാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ ബുഷ്‌റ ബീബിയുടെ പരിശോധന നടത്താന്‍ ഷൗക്കത്ത് ഖാനം ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (പിംസ്) ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്നതില്‍ ജയില്‍ അധികൃതര്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കസ്റ്റഡിയില്‍ ഇമ്രാന്‍ ഖാനോട് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് വാദത്തിനിടെ ജഡ്ജി ആവശ്യപ്പെട്ടു. മറുപടിയായി, തന്റെ പ്രസ്താവനകള്‍ തെറ്റായി ഉദ്ധരിക്കപ്പെട്ടതിനാല്‍ താന്‍ പതിവായി മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കാറുണ്ടെന്ന് ഇമ്രാന്‍ ഖാനും വാദിച്ചു.
49 കാരിയായ ബുഷ്റ ബീബി അഴിമതിക്കേസിലും 71 കാരനായ ഇമ്രാന്‍ ഖാനെ നിയമപരമല്ലാതെ വിവാഹം ചെയ്ത കേസിലും ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ഇസ്ലാമാബാദിലെ വസതിയില്‍ തടങ്കലില്‍ കഴിയുകയാണ്. ബുഷ്റ ബീബിയെ തടവിലാക്കിയതിന് പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറാണ് നേരിട്ട് ഉത്തരവാദിയെന്ന് ഏപ്രില്‍ 17ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. മാത്രമല്ല, ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജനറല്‍ മുനീറിനെ താന്‍ വെറുതെ വിടില്ലെന്ന് ഇമ്രാന്‍ ഖാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.