ലാഹോർ: നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്റ ബീബിയെയും കുറ്റ വിമുക്തരാക്കി കോടതി. കീഴ്ക്കോടതി ശിക്ഷിച്ച 7 വർഷത്തെ തടവ് അപ്പീൽ കോടതി റദ്ദാക്കി. എന്നാൽ മറ്റൊരു കേസിൽ അറസ്റ്റ് വാറണ്ടുള്ളതിനാൽ ഉടൻ മോചിതനാകില്ല. ഫെബ്രുവരിയിലെ പാകിസ്ഥാൻ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ശിക്ഷ വിധിച്ചത്.
2018ൽ നടന്ന ഇവരുടെ വിവാഹം ഇസ്ലാമിക് നിയമത്തിന് വിരുദ്ധമായിരുന്നുവെന്നാണ് കീഴ്‍ക്കോടതി കണ്ടെത്തിയത്. വിധിക്കെതിരെ ഇരുവരും അപ്പീൽ കോടതി യെ സമീപിച്ചു. ഇസ്ലാമിക നിയമപ്രകാരം പുനർ വിവാഹത്തിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചെന്നായിരുന്നു കേസ്. ബുഷറയുടെ ആദ്യ ഭർത്താവിവ് ഖവാർ മനേക നൽകിയ പരാതിയിലായിരുന്നു നടപടി.
നിയമപ്രകാരം വിവാഹ മോചിതയായതോ ഭർത്താവ് മരിച്ചതോ ആയ സ്ത്രീ പുനർ വിവാഹിതയാകുമ്പോൾ മൂന്ന് ആർത്തവകാലം കഴിയണമെന്നും ആ ചട്ടം പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. 71 കാരനായ ഇമ്രാൻ ഖാന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ബുഷ്റയുമായുള്ളത്. ഇരുവർക്കും ജയിൽ ശിക്ഷക്ക് പുറമെ 5 ലക്ഷം രൂപയും പിഴ കോടതി വിധിച്ചിരുന്നു.
Imran Khan and his wife Bushra beebi acquitted for illegal marriage case