ഇസ്ലാമാബാദ്: സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് സ്ഥാപകനുമായ ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്റ ബീബിയെ തടവിലാക്കിയതിന് കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് നേരിട്ട് ഉത്തരവാദിയെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
തന്റെ ഭാര്യക്ക് വിധിച്ച ശിക്ഷയില്‍ ജനറല്‍ അസിം മുനീറിന് നേരിട്ട് പങ്കുണ്ടെന്നും ഭാര്യയെ ശിക്ഷിച്ച ജഡ്ജി തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനായതാണെന്നുമാണ് ഇമ്രാന്‍ ആരോപിക്കുന്നത്. മാത്രമല്ല, ‘എന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ അസിം മുനീറിനെ വെറുതിവിടില്ലെന്നും, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം അസിം മുനീറിനെ വെറുതെവിടില്ലെന്നും, അയാളുടെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ ഞാന്‍ തുറന്നുകാട്ടും’ എന്നും ഇമ്രാന്‍ ഭീഷണി മുഴക്കി.
ഖാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത ഒരു നീണ്ട പോസ്റ്റ് അനുസരിച്ച്, നിലവില്‍ തടവില്‍ കഴിയുന്ന അദിയാല ജയിലില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് പിടിഐ നേതാവ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
49 കാരിയായ ബുഷ്റ ബീബി അഴിമതിക്കേസിലും 71 കാരനായ ഇമ്രാന്‍ ഖാനുമായുള്ള അനധികൃത വിവാഹ കേസിലും ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അവരുടെ ബനി ഗാല വസതിയില്‍ തടങ്കലില്‍ കഴിയുകയാണ്.
രാജ്യത്ത് കാടിന്റെ നിയമമാണെന്നും എല്ലാം ചെയ്യുന്നത് ‘കാടിന്റെ രാജാവ്’ ആണെന്നും ഖാന്‍ പറഞ്ഞു. കാട്ടിലെ രാജാവിന് വേണമെങ്കില്‍ നവാസ് ഷെരീഫിന്റെ എല്ലാ കേസുകളും പൊറുക്കപ്പെടുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുമ്പോള്‍ അഞ്ച് ദിവസത്തിനുള്ളില്‍ മൂന്ന് കേസുകളില്‍ ഞങ്ങളെ ശിക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മുന്‍ ഇമ്രാന്‍ ഖാന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.